അഹമ്മദാബാദ്> ബാറ്റിൽ പരാജയപ്പെട്ടിട്ടും ബൗളിങ് മികവിൽ ഇന്ത്യ നേടി. വെസ്റ്റിൻഡീസിനെതിരായ രണ്ടാംഏകദിനത്തിൽ 44 റണ്ണിനാണ് ഇന്ത്യയുടെ ജയം. പേസർമാർ ആറ് വിക്കറ്റ് പങ്കിട്ടു. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സര പരമ്പര 2–0ന് രോഹിത് ശർമയും കൂട്ടരും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9–237 റണ്ണെടുത്തു. വിൻഡീസ് 46 ഓവറിൽ 193ന് പുറത്തായി. ചെറിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ വിൻഡീസിന് തുടക്കം പിഴച്ചു. ഓപ്പണർമാരായ ഷായ് ഹോപ്പിനും ബ്രണ്ടൻ കിങ്ങിനും വേഗത്തിൽ റണ്ണടിക്കാനായില്ല. കിങ്ങിനെയും (18) പിന്നാലെയെത്തിയ ഡാരെൻ ബ്രാവോയെയും (1) മടക്കി പ്രസിദ്ധാണ് വിൻഡീസിനെ കുഴക്കിയത്. ഹോപ്പ് (27) സ്പിന്നർ യുശ്-വേന്ദ്ര ചഹാലിനുമുന്നിൽ കുരുങ്ങി.
ഷമർ ബ്രൂക്ക്സ് പിടിച്ചുനിന്നു. രണ്ടുവീതം സിക്സറും ഫോറുമായി കളംപിടിക്കാൻ ശ്രമിച്ച ബ്രൂക്സിനെ (64 പന്തിൽ 44) ദീപക് ഹൂഡയാണ് മടക്കിയത്. കീറൺ പൊള്ളാർഡിനുപകരം വിൻഡീസിനെ നയിച്ച നിക്കോളാസ് പുരാനെയും (9) പ്രസിദ്ധ് തീർത്തു. ഏഴാം വിക്കറ്റിൽ അക്കീൽ ഹുസെെനും ഫാബിയൻ അല്ലെനും 42 റണ്ണടിച്ചു. ഈ സഖ്യത്തെ മുഹമ്മദ് സിറാജാണ് വേർപിരിച്ചത്. 13 റണ്ണെടുത്ത അല്ലനെ മടക്കി. പിന്നാലെ ശർദൂൾ താക്കൂർ, അക്കീലിനെയും (34) വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. ഋഷഭ് പന്തിനെ ഓപ്പണറായി സ്ഥാനക്കയറ്റം ഇന്ത്യ പരീക്ഷണത്തിന് മുതിർന്നു. പക്ഷേ, നീക്കം പാളി. 34 പന്ത് നേരിട്ട ഈ വിക്കറ്റ് കീപ്പർക്ക് ആകെ നേടാനായത് 18 റൺ. ക്യാപ്റ്റൻ രോഹിത് ശർമയും (5) വിരാട് കോഹ്-ലിയും (18) വേഗം മടങ്ങി. സ്കോർ 3–43. നാലാം വിക്കറ്റിൽ ലോകേഷ് രാഹുലും സൂര്യകുമാർ യാദവും ചേർന്ന് നേടിയ 91 റണ്ണാണ് ഇന്ത്യയെ കരകയറ്റിയത്. 49 റണ്ണെടുത്ത രാഹുൽ റണ്ണൗട്ടായി മടങ്ങി. സൂര്യകുമാർ 83 പന്തിൽ 64 റണ്ണടിച്ചു. ദീപക് ഹൂഡ 29ഉം. മൂന്നാം ഏകദിനം നാളെ നടക്കും.