മോസ്കോ> ഉക്രയ്ൻ വിഷയം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ സമയം അതിക്രമിച്ചിട്ടില്ലെന്ന് റഷ്യ. ഒരു രാജ്യത്തെയും ആക്രമിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ല. ചില രാജ്യങ്ങൾ റഷ്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യയുടെ യൂറോപ്യൻ യൂണിയൻ സ്ഥാനപതി വ്ലാദിമിർ ഷിസോവ് പറഞ്ഞു.
റഷ്യൻ സൈനികരിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും മറുപക്ഷത്തിന്റെ യുദ്ധസന്നാഹത്തിൽ മൗനം പാലിക്കുന്നു. ഉക്രയ്ൻ അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. റഷ്യ തുടർച്ചയായി ആശങ്ക അറിയിച്ചിട്ടും അമേരിക്കയും സഖ്യ രാജ്യങ്ങളും കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെയും യുദ്ധോപകരണങ്ങളും അയക്കുന്നത് തുടരുന്നു. ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കരുതെന്ന് ഉൾപ്പെടെയുള്ള റഷ്യയുടെ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകണം.
അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യാഴാഴ്ച പോളണ്ട് സന്ദർശിക്കും. ബ്രസ്സൽസിൽ നാറ്റോ ആസ്ഥാനവും സന്ദർശിച്ച് ഉക്രയ്ൻ വിഷയം ചർച്ച ചെയ്യും. ഓസ്ട്രേലിയയിൽ നടക്കുന്ന ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തിൽ ഉക്രയ്ൻ വിഷയം പ്രധാന ചർച്ചയാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.