കൊയിലാണ്ടി > റോഡരികില് നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ സ്കൂട്ടറിന്റെ പിന്നില് കിടത്തി യാത്ര ചെയ്ത യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. മുചുകുന്ന് തെക്കെ പിലാത്തോട്ടത്തില് ജിതേഷി(40–-ജിത്തു ) നെതിരെയാണ് വന്യജീവിയെ ശല്യം ചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുത്തത്.
ജനുവരി 29 നായിരുന്നു പെരുമ്പാമ്പിലെ പിടികൂടിയത്. പാമ്പിന്റെ തല പിടിച്ച് ഉയര്ത്തുകയും ഉയര്ത്തിയെടുത്ത് കഴുത്തില് ചുറ്റുകയും ഉമ്മവെക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തില് ഉണ്ട്. പെരുമ്പാമ്പിനെ കൊയിലാണ്ടി സ്റ്റേഷനില് എത്തിച്ചതിനെ തുടര്ന്ന് പൊലീസ് വനം വകുപ്പിനെ അറിയിച്ചു. പിറ്റേന്ന് പെരുവണ്ണാമൂഴിയില് നിന്ന് വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി.
ആറാം തീയതി ഫോറസ്റ്റ് അധികൃതര് പെരുമ്പാമ്പിനെ വനത്തില് തുറന്ന് വിടുകയും ചെയ്തു. സ്കൂട്ടറില് കയറ്റി പാമ്പിനെ കൊണ്ടു പോകുന്നത് വീഡിയോയില് ചിത്രീകരിച്ച ചിലര് നവ മാധ്യമങ്ങളില് പ്രചരിപ്പിച്ചിരു. ഇതേ തുടര്ന്ന് വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ചര് ബൈജുനാഥ് അന്വേഷണം നടത്തുകയും ചെയ്തു. ചെറുകുന്നുമ്മല് താഴെ റോഡില് നിന്നാണ് ജിതേഷ് പെരുമ്പാമ്പിനെ പിടികൂടിയത്.