ചെറുതോണി > പൈനാവ് എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിനെ അരുംകൊലചെയ്ത നിഖിൽ പൈലിയുടെ നാടായ മണിയാറൻകുടി അവധിക്കുന്നിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് 42 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം.
കോൺഗ്രസിന്റെ കഠാര രാഷ്ട്രീയത്തിനൊപ്പം ഇനിയില്ലെന്നു പ്രഖ്യാപിച്ചാണ് കാലങ്ങളായി കോൺഗ്രസ് പ്രവർത്തകരായിരുന്നവർ രാജിവച്ച് ജനപക്ഷനിലപാടുകൾ സ്വീകരിക്കുന്ന സിപിഐ എമ്മിൽ അണിചേർന്നത്. മണിയാറൻകുടി അവധിക്കുന്നിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ പാർടി പതാക കൈമാറി ഇവരെ പാർടിയിലേക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഏരിയ സെക്രട്ടറി പി ബി സബീഷ്, നേതാക്കളായ കെ ജി സത്യൻ, കെ സവാദ്, ഡിറ്റാജ് ജോസഫ്, കെ എസ് സുമേഷ്, പി കെ വിജയൻ എന്നിവർ സംസാരിച്ചു.