തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ വൈകിയെന്നവിമർശനം ഉന്നയിച്ചവർക്ക്മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് എല്ലാത്തിനേയും വിമർശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൈന്യത്തെ വിളിക്കാൻ വൈകിയെന്നും ദുരന്തനിവാരണ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നുമുള്ള വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. ഇത്തരമൊരു ദുരന്തമുണ്ടായാൽ പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതിന് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയിട്ടുള്ളത്.
കൃത്യതയോടെ അവിടെയുള്ള നടപടികൾ നടന്നു എന്നതാണ് വസ്തുത. ഇത്തരം സാഹചര്യത്തിൽ ആദ്യം ശ്രമിച്ച ഏജൻസിക്ക് സാധ്യമാകാതെ വരുമ്പോഴാണ് കരസേനയെ വിളിക്കുന്നത്. ആ ഘട്ടത്തിൽ കരസേനയെ അറിയിക്കുകയും കാര്യക്ഷമമായി അവർ അതിൽ ഇടപെടുകയും ചെയ്തു.ഇതിൽ ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ലെന്നാണ് കാണാൻ കഴിയുക.
ഇത്തരം കാര്യങ്ങൾ വരുമ്പോൾ അതിന്റെ നല്ല കാര്യങ്ങൾ കാണാതെ മോശം കാര്യങ്ങൾ കാണുക എന്നത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒന്നാണ്. കാര്യങ്ങളെ എങ്ങനെ മോശമായി ചിത്രീകരിക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നിർഭാഗ്യവശാൽ ആ മാനസികാവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിനുമുള്ളതെന്നും മുഖ്യമന്ത്രിആരോപിച്ചു.
Content Highlights: cm responds to criticism in babu issue