തിരുവനന്തപുരം > മലമ്പുഴ ചേറാട് മലയിടുക്കില് കുടുങ്ങിയ യുവാവിനെ രക്ഷിക്കാന് വൈകിയെന്ന വിമര്ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്ക്ക് എല്ലാത്തിനേയും വിമര്ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കാര്യങ്ങള് വരുമ്പോള് അതിന്റെ നല്ല കാര്യങ്ങള് കാണാതെ മോശം കാര്യങ്ങള് കാണുക എന്നത് നമ്മുടെ നാട്ടില് കണ്ടുവരുന്ന ഒന്നാണ്. കാര്യങ്ങളെ എങ്ങനെ മോശമായി ചിത്രീകരിക്കാന് കഴിയും എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നിര്ഭാഗ്യവശാല് ആ മാനസികാവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിനുമുള്ളത്.
സൈന്യത്തെ വിളിക്കാന് വൈകിയെന്നും ദുരന്തനിവാരണ സംഘത്തിന്റെ പ്രവര്ത്തനം കാര്യക്ഷമമല്ലെന്നുമുള്ള വിമര്ശനത്തിനും അദ്ദേഹം മറുപടി നല്കി. ഇത്തരമൊരു ദുരന്തമുണ്ടായാല് പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതിന് അനുസരിച്ചാണ് കാര്യങ്ങള് നീങ്ങിയിട്ടുള്ളത്.
കൃത്യതയോടെ അവിടെയുള്ള നടപടികള് നടന്നു എന്നതാണ് വസ്തുത. ഇത്തരം സാഹചര്യത്തില് ആദ്യം ശ്രമിച്ച ഏജന്സിക്ക് സാധ്യമാകാതെ വരുമ്പോഴാണ് കരസേനയെ വിളിക്കുന്നത്. ആ ഘട്ടത്തില് കരസേനയെ അറിയിക്കുകയും കാര്യക്ഷമമായി അവര് അതില് ഇടപെടുകയും ചെയ്തു. ഇതില് ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ലെന്നാണ് കാണാന് കഴിയുക – മുഖ്യമന്ത്രി വ്യക്തമാക്കി.