പാലക്കാട്: ചെങ്കുത്തായ മലയിടുക്കിലെ പാറക്കെട്ടിൽ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ രണ്ട് ദിവസങ്ങൾക്ക് ശേഷം ദൗത്യസംഘം നടത്തിയ അതിസാഹസികമായ ദൗത്യത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. കയറുകെട്ടിയാണ് ദൗത്യസംഘത്തിലെ സെെനികൻ ബാബുവിന് അടുത്തെത്തിയത്. ശേഷം റോപ്പ് ഉപയോഗിച്ച് സെെനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തി മലമുകളിൽ എത്തിക്കുകയായിരുന്നു.
#OP_Palakkad
In a spectacular action, highly qualified Teams of Indian Army have successfully rescued Mr Babu who slipped off a cliff & was stranded in a steep gorge for over 48 hours. The operation was coordinated by #DakshinBharatArea under the aegis of #SouthernCommand@adgpi pic.twitter.com/Pcksj6WEBS
— Southern Command INDIAN ARMY (@IaSouthern) February 9, 2022
ചൊവ്വാഴ്ച രാത്രി പതിനൊന്നേകാലോടെയാണ് മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങളെത്തിയത്. ലഫ്.കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറി. ശേഷം കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണ്സെെന്യം ബാബുവിനെ രക്ഷിച്ചത്.
ബാബു അപകടത്തിൽപ്പെട്ടതിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും നാൾവഴി ഇങ്ങനെ:
തിങ്കളാഴ്ച
വൈകീട്ട് 3.00: ബാബുവും രണ്ടു കൂട്ടുകാരും മലമ്പുഴ ചെറാട് എലിച്ചിരം മലയോടുചേർന്നുള്ള കൂർമ്പാച്ചിമല കയറുന്നു
3.30- ഒപ്പമുണ്ടായിരുന്നവർ താഴെയിറങ്ങി, ബാബു മലകയറ്റം തുടരുന്നു
4.00- അപകടത്തിൽപ്പെട്ട വിവരം ബാബു സ്വന്തം ഫോണിൽനിന്ന് വീട്ടുകാരെ വിളിച്ചറിയിക്കുന്നു. അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുന്നു
#OP_Palakkad
Rescue Operations have commenced. Attempts from multiple locations are being made to reach the person stuck in a steep gorge in Malampuzha mountains #Kerala for evacuation. #WeCare@adgpi pic.twitter.com/sujFlt6RB9
— Southern Command INDIAN ARMY (@IaSouthern) February 9, 2022
5.00- അഗ്നിരക്ഷാസേനയും നാട്ടുകാരും മലമുകളിലേക്ക് കയറുന്നു
7.00- ഇടയ്ക്കുവെച്ച് രക്ഷാദൗത്യസംഘം ബാബുവിന്റെ ശബ്ദംകേട്ടെങ്കിലും ഇരുട്ടുപരന്നതിനാൽ കൃത്യമായി സ്ഥലം മനസ്സിലാക്കാനായില്ല
7.30- ബാബുവിന്റെ ഫോണിൽനിന്നുള്ള സന്ദേശം നിലയ്ക്കുന്നു. അതുവരെ സെൽഫിയും സ്ഥലചിത്രങ്ങളും ബന്ധുക്കൾക്ക് അയച്ചിരുന്നു.
10.00- ഭക്ഷണവുമായി പ്രദേശവാസികളടങ്ങിയ ഒരുസംഘം മലമുകളിലേക്ക് തിരിച്ചെങ്കിലും ഇവർക്കും ബാബുവിനടുത്ത്എത്താനായില്ല. രക്ഷാപ്രവർത്തനത്തിനുപോയ സംഘത്തിലുള്ളവരെല്ലാം മലയുടെ ഒരുഭാഗത്ത് കഴിച്ചുകൂട്ടുകയായിരുന്നു.
ചൊവ്വാഴ്ച
രാവിലെ 9.00: സംഘത്തിലുള്ളവർ തിരിച്ചിറങ്ങി.
മലയടിവാരത്തിൽ കളക്ടർ മൃൺമയി ജോഷിയുടെയും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെയും ഫയർഫോഴ്സ് അധികൃതരുടെയും നേതൃത്വത്തിൽ ചർച്ച.
ഉച്ചയ്ക്ക് 12.00- കളക്ടറുടെ നിർദേശപ്രകാരം ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തി. രണ്ടുസംഘമായാണ് ഇവർ മലകയറിയത്. മുകളിലെത്തിയെങ്കിലും ഭക്ഷണമെത്തിക്കാനോ ബാബുവിനടുത്തെത്താനോ സാധിച്ചില്ല
വൈകീട്ട് 3.00-കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ സ്ഥലത്തെത്തി. ബാബു കുടുങ്ങിയതിന് മുകളിലായി എത്താനായെങ്കിലും ഹെലികോപ്റ്ററിന് നിലയുറപ്പിക്കാൻ സൗകര്യമില്ലാത്തതിനാൽ തിരിച്ചുപോയി. ശക്തമായ കാറ്റും പ്രതിസന്ധി സൃഷ്ടിച്ചു. ഹെലികോപ്റ്റർ കണ്ട ബാബു സ്വന്തം ഷർട്ടൂരി വീശിക്കാണിച്ചതായുള്ള സന്ദേശം വരുന്നു.
5.00- ചെറുഡ്രോണിൽ ഇളനീർവെള്ളം എത്തിക്കാനുള്ള ശ്രമം. ഭാരം താങ്ങാനാവാതെ ഡ്രോൺ താഴേക്കുവീണു.
7.00- രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ. കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന സന്ദേശം സാമൂഹികമാധ്യമങ്ങൾവഴി പങ്കുവെക്കുന്നു
10.00- ദേശീയ ദുരന്തനിവാരണസേനയുമായി കളക്ടറും ജില്ലാ പോലീസ് മേധാവിയും മറ്റു ഉദ്യോഗസ്ഥരും വീണ്ടും ചർച്ച നടത്തുന്നു
11.15- കോയമ്പത്തൂരിനടുത്ത് സൂലൂരിൽനിന്ന് ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ കരസേനാസംഘം സ്ഥലത്തെത്തുന്നു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കരസേനയുടെകീഴിലുള്ള എൻ.ഡി.ആർ.എഫ്. (നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്) താത്കാലിക വാർത്താവിനിമയസംവിധാനം ഒരുക്കി.
ബുധനാഴ്ച
പുലർച്ചെ 1.30: കരസേനാസംഘം രക്ഷാഉപകരണങ്ങളുമായി മലമുകളിലേക്ക്.
6:30: കരസേനയും എൻഡിആർഎഫും അടങ്ങുന്ന ടീം രണ്ട് സംഘങ്ങളായി മലയുടെ മുകളിൽക്കൂടിയും താഴെക്കൂടിയും ബാബു ഇരിക്കുന്നിടത്തേക്ക് എത്താനുള്ള ശ്രമം തുടരുന്നു.
9.10: കരസേനാ സംഘത്തിലെ ഒരു അംഗം റോപ്പിലൂടെ (Rappeling defence) ബാബു ഇരിക്കുന്ന ഉയരത്തിലേക്ക് സമാന്തരമായി എത്തി
#OP_Palakkad
In a daring mission Indian Army Team from #SouthernCommand has rescued the stranded trekker, Mr Babu to safety from the dangerous cliff, across the treacherous rocky mountain face.#WeCare@adgpi pic.twitter.com/NrIwGyaD59
— Southern Command INDIAN ARMY (@IaSouthern) February 9, 2022
9.20: കരസേനാ അംഗം ബാബുവിന്റെയടുത്ത് എത്തി വെള്ളം കൊടുത്തു
9.30: ബാബുവിന്റെ അടുത്ത് എത്തിയ സൈനികൻ, ബാബുവിന് വെള്ളവും മരുന്നും നല്കിയ ശേഷം, ബാബുവുമായി സെെനികൻ മുകളിലേക്ക്
10.20: ബാബുവിനെ സെെന്യം വിജയകരമായി മലയുടെ മുകളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
Content Highlights:timeline of events of accident and rescue operations at malampuzha