പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ നടത്തുന്ന ദൗത്യത്തിൻറെ അന്തിമഘട്ടം അതീവ ദുഷ്കരം.ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവർത്തകൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്. മലയുടെ മുകളിൽനിന്ന് എയർ ലിഫ്റ്റ് ചെയ്തായിരിക്കും ബാബുവിനെ തിരികെയെത്തിക്കുക.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാൽ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്.
രക്ഷപ്പെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നൽകിയിരുന്നു. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നൽകാൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്. എഡിആർഎഫ് ദൗത്യസംഘത്തിലെ ഒരാൾ ഇറങ്ങി റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവുംനൽകിയത്.
Photo: twitter.com/IaSouthern
എന്നാൽ, വെള്ളമാണെങ്കിൽ പോലും വലിയ അളവിൽ നൽകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ഇത്രയും നേരം ഭക്ഷണം കഴിക്കാതിരുന്നതിനാൽ കൃത്യമായ അളവിൽ ആവശ്യമായ വെള്ളം മാത്രമാണ് എത്തിച്ചു നൽകിയത്. അതിനുപുറമെ അപ്പെൻഡിസൈറ്റിസ്ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു. അതിനാൽ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങൾ ചെയ്തത്.
ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകർ ഇന്ന് രാവിലെ മലയിൽ കുടുങ്ങിയ ബാബുവിന് അടുത്തെത്തിയിരുന്നു. കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികർ സംസാരിച്ചു. രാവിലെ തന്നെ സംഘത്തോട് ബാബു പ്രതികരിച്ചിരുന്നു.
Content Highlights:Army rescued youth trapped in Palakkad hill cliff