മലമ്പുഴ > കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപോയ ബാബുവിനെ സൈന്യം രക്ഷാകരങ്ങളിലേക്കുയർത്തി . വെള്ളവും ഭക്ഷണവും നൽകിയശേഷം
സുരക്ഷാബെൽറ്റ് ഘടിപ്പിച്ച് ബാബുവിനെ മലയുടെ മുകളിലേക്ക് കൊണ്ടുവന്നു. കാലിൽ ചെറിയ മുറിവുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ബാബുവിനില്ല. ദൗത്യ സംഘത്തിലെ ബാല എന്ന സൈനികനാണ് ബാബുവിന്റെ അടുത്തെത്തിയത്. പാറയിടുക്കിൽവീണ് 45 മണിക്കുറിന് ശേഷമാണ് രക്ഷപ്പെടുത്താനായത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഈ മണിക്കൂറുകളിൽ നടന്നത്. മലമുകളിലെത്തിച്ചശേഷം ഹെലികോപ്റ്ററിൽ താഴേക്ക് കൊണ്ടുവരും. തുടർചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
രാവിലെ എട്ടുമണിയോടെ രക്ഷാസംഘം ഏകദേശം ബാബുനിനടത്ത് എത്തിയിരുന്നു. 9.30ഓടെ അരികിലെത്തി. കരസേനയുടെ പരിചയസമ്പന്നരായ പർവ്വതാരോഹകരാണ് സംഘത്തിലുള്ളത്. പുലർച്ചെ തന്നെ സംഘം മലകയറിതുടങ്ങിയിരുന്നു. ലഫ്റ്റനൻറ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.
തിങ്കൾ രാവിലെ കൂട്ടുകാർക്കൊപ്പം മലമ്പുഴ എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകൻ ബാബു (23)ആണ് കുടുങ്ങിയത്. ചൊവ്വാഴ്ച കൊച്ചി നാവികസേനയുടെ ഹെലികോപ്റ്റർ എത്തിയെങ്കിലും എയർലിഫ്റ്റ് ചെയ്യാനായില്ല.തുടർന്നാണ് സൈന്യം രക്ഷാദൗത്യമേറ്റെടുത്തത്.