പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ മകനെ രക്ഷിച്ചുകൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് ബാബുവിന്റെ അമ്മ റഷീദ. രക്ഷാ പ്രവർത്തകരും നാടും തന്നോടൊപ്പമുണ്ടെന്നും ബാബുവിന്റെ അമ്മ മാതൃഭൂമിയോട് പ്രതികരിച്ചു.
സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. മകനെ ജീവനോടെ തന്നെ രക്ഷപ്പെടുത്തി കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ദൗത്യ സംഘം മകന്റെ അടുത്തെത്തിയിട്ടുണ്ട്. അവനോട് സംസാരിച്ചു. ഭക്ഷണം കൊടുക്കാൻ പറ്റിയിട്ടില്ല എന്ന് മാത്രമേ ഉള്ളൂ. ഏകദേശം പതിനൊന്ന് മണിയോടെ മകനെ താഴെ കൊണ്ടുവരാൻ കഴിയുമെന്നാണ് അറിയിച്ചതെന്നും ബാബുവിന്റെ അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസവും ബാബുവിൻറെ അമ്മ മകനെയോർത്ത് തേങ്ങിക്കൊണ്ട് മലയടിവാരത്തുണ്ടായിരുന്നു. ബാബു മലയിൽക്കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. അവൻ വീട്ടിലേക്ക് ഫോണിൽവിളിച്ച് പറയുകയായിരുന്നു. ഞാൻ വിഷമംകൊണ്ട് കരഞ്ഞപ്പോൾ, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. പിന്നെ, കുഴപ്പമൊന്നും ഇല്ലെന്നുപറഞ്ഞ് ഫോൺവെച്ചു. വൈകീട്ട് ഏഴരവരെയും വിളിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ കിട്ടാതായിയെന്നും റഷീദ പറഞ്ഞിരുന്നു.
അതേസമയം, ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് നാല്പത് മണിക്കൂർ പിന്നിട്ടു. ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കാൽവഴുതിവീണ് മലയിടുക്കിൽ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റർ എത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിയ സംഘവും വെല്ലിങ്ടണിൽ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു.
Content Highlights:they will save my son Babus mother with optimism