കൊച്ചി > സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) യുപി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കുന്നു. മാര്‍ച്ചോടെ സംസ്ഥാനത്തെ 115 സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാക്കും. ഒരു സ്കൂളില്‍ രണ്ടുവീതം 230 സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കും. എസ്എസ്കെയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത് നടപ്പാക്കുന്നത്. ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ ഓരോ സ്കൂളിനും 2.40 ലക്ഷം രൂപവീതം അനുവദിക്കും. സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജീകരണത്തിന് ആകെ 2.76 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എഡ്യൂക്കേഷനാകും (കൈറ്റ്) പദ്ധതിനിര്‍വഹണം. കൈറ്റിനോട് പദ്ധതിനിര്‍വഹണ സന്നദ്ധത ആരായാന്‍ എസ്എസ്കെ ജില്ലാ പ്രോജക്റ്റ് കോ–-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
115 സ്കൂളില്‍ യുപി കുട്ടികൾക്ക് സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാകുന്നതോടെ പഠനം കൂടുതല്‍ എളുപ്പവും രസകരവുമാകും. പാഠഭാഗങ്ങള്‍ കണ്ടും കേട്ടും താല്‍പ്പര്യത്തോടെ പഠിക്കാനാകും. ലാപ്ടോപ്, പ്രൊജക്റ്റര്‍, സ്പീക്കര്‍, ക്യാമറ എന്നിവയാണ് ക്ലാസ് മുറിയിലുണ്ടാകുക. തറ ടൈലിട്ടതാകും. പൊടി കയറാത്തവിധമുള്ള ജനലും വാതിലുമായിരിക്കും.
ആലപ്പുഴ (12), എറണാകുളം (ഒമ്പത്), ഇടുക്കി (അഞ്ച്), കണ്ണൂര്‍ (എട്ട്), കാസര്‍കോട് (ഒമ്പത്), കൊല്ലം (15), കോട്ടയം (രണ്ട്), കോഴിക്കോട് (ഏഴ്), മലപ്പുറം (ഒമ്പത്), പാലക്കാട് (ഏഴ്), പത്തനംതിട്ട (ഒന്ന്), തിരുവനന്തപുരം (13), തൃശൂര്‍ (ഒമ്പത്), വയനാട് (ഒമ്പത്) എന്നീ ജില്ലകളിലാണ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കുന്നത്. തെരഞ്ഞെടുത്ത സ്കൂളുകള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ബ്ലോക്ക് പ്രോജക്റ്റ് കോ–-ഓര്‍ഡിനേറ്റര്‍മാര്‍ വിലയിരുത്തി.
സ്മാര്‍ട്ടാക്കാനുള്ള ക്ലാസ് മുറികളുണ്ടോ, പ്രൊജക്റ്റര്‍ ഉറപ്പിക്കാന്‍ കഴിയുന്ന സീലിങ് ഉണ്ടോ, ടൈല്‍ പാകിയ തറയുണ്ടോ, അപകടരഹിതമായ വൈദ്യുതീകരണമുണ്ടോ, പൊടി കയറാത്ത രീതിയിലുള്ള ജനലകളുണ്ടോ എന്നീ വിവരങ്ങളാണ് ബ്ലോക്ക് പ്രോജക്റ്റ് കോ–-ഓർഡിനേറ്റര്‍മാര്‍ ശേഖരിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒട്ടേറെ അക്കാദമിക ശാക്തീകരണ പരിപാടികളാണ് സമഗ്രശിക്ഷാ കേരളം ഏറ്റെടുത്ത് നടപ്പാക്കുന്നത്.