കൊച്ചി > സംസ്ഥാനത്തെ മൂന്നാമത്തെ ‘അപ്നാ ഘറി’ന് കല്ലിടാൻ തയ്യാറെടുത്ത് സർക്കാർ. നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി കളമശേരിയിലെ കിൻഫ്രാ പാർക്കിനുസമീപം മൂന്നുനിലകളിലായി ഉയരുന്ന കെട്ടിടത്തിന് മാർച്ച് 31നുമുമ്പ് കല്ലിടാനാണ് ആലോചിക്കുന്നത്.
കേരളത്തിലെ മികച്ച തൊഴിൽസാഹചര്യവും വേതനവും അറിഞ്ഞ് എത്തുന്ന അതിഥിത്തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കുന്നതിനാണ് സംസ്ഥാനം ‘അപ്നാ ഘർ’ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യത്തേത് പാലക്കാട് കഞ്ചിക്കോട്ട് ആരംഭിച്ചു. രണ്ടാമത്തേത് കോഴിക്കോട് കിനാലൂരിലും പൂർത്തിയായി. ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. കളമശേരി കിൻഫ്ര പാർക്കിൽ മൂന്നാമത്തേതിനായി ഒരേക്കർ ഭൂമി 30 വർഷത്തെ പാട്ടത്തിന് ഏറ്റെടുത്തു. 21 കോടി രൂപയുടെ പുതുക്കിയ ഡിപിആർ സർക്കാരിന്റെ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.
മൂന്നുനിലയുള്ള കെട്ടിടത്തിൽ 534 കിടക്കകളുള്ള ഹോസ്റ്റൽ സൗകര്യമൊരുക്കും. ഒരു മുറിയിൽ 10 കിടക്കകൾക്ക് സൗകര്യമുണ്ടാകും. ക്യാന്റീൻ, അടുക്കള, ലോബി, ഡൈനിങ് ഹാൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ശുചിമുറികൾ, അഗ്നിശമന സംവിധാനങ്ങൾ, ജനറേറ്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറ എന്നിങ്ങനെ പൊതുസംവിധാനങ്ങളും ഉണ്ടാകും. 49,000 ചതുരശ്ര അടിയാണ് വിസ്തീർണം.
കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ എട്ടരക്കോടി രൂപ ചെലവഴിച്ചാണ് ഭവനസമുച്ചയം പണിതത്. നാലുനിലകളുള്ള അപ്നാ ഘറിൽ 620 പേർക്ക് താമസിക്കാം. 32 അടുക്കളകളും എട്ട് ഊണുമുറികളും 96 ശുചിമുറികളും വിശാലമായ വിശ്രമമുറികളും കളിസ്ഥലങ്ങളും ഇതിന്റെ ഭാഗമാണ്. കോഴിക്കോട് കിനാലൂരിൽ 100 പേർക്ക് താമസിക്കാവുന്ന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇതും മാർച്ച് 31നുമുമ്പായി കമീഷൻ ചെയ്യും.