പാലാ > മുൻ ഇന്ത്യൻ വോളിബോൾ താരവും കേരളാ ക്യാപ്ടനുമായിരുന്ന വി സി ജോൺ(59) അന്തരിച്ചു. കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയും പരിശീലകനായും നിരവധി ചാമ്പ്യൻഷിപ്പുകളിൽ കെഎസ്ഇബിയെ വിജയത്തിലെത്തിച്ച താരമാണ് വിടവാങ്ങിയത്. പ്രശസ്തമായ പാലാ സിക്സസ് ടീമിലൂടെയാണ് വോളിബോൾ കോർട്ടിലിറങ്ങിയത്.
വോളി കുടുംബമെന്ന് വിശേഷിപ്പിക്കാവുന്ന പാലാ തയ്യിൽ പരേതരായ വി ഐ ചാക്കോയുടെയും തങ്കമ്മയുടെയും മകനാണ്. സംസ്കാരം വ്യാഴം പകൽ മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. വിരമിച്ച ശേഷവും പാലയിലെ കായികരംഗത്ത് സജീവമായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിങ്കളാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ചയാണ് അന്ത്യം.
ദീർഘകാലം കെഎസ്ഇബി ടീമിനെ നയിച്ചു. പിന്നീട് കോച്ചായി. സംസ്ഥാന വോളിബോൾ ടീമിനെ ഒമ്പത് വർഷം തുടർച്ചയായി പ്രതിനിധീകരിച്ച ജോൺ ക്യാപ്ടനായും നിരവധി നേട്ടങ്ങൾ കൊയ്തു.
ഭാര്യ: എത്സമ്മ. ചങ്ങനാശേരി തൃക്കൊടിത്താനം പതാരംചിറയിൽ കുടുംബാംഗം. മക്കൾ: ശിൽപ്പ ജോൺ, ചാക്കോ ജോൺ.
മൃതദേഹം വ്യാഴം രാവിലെ എട്ടിന് പാലാ കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം മാർത്തോമ്മാ ചർച്ച് റോഡിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. 12 സഹോദരങ്ങളടങ്ങുന്ന കുടുംബത്തിലെ എട്ടു പേരും വോളിബോൾ താരങ്ങളാണ്. ഇവർ സംസ്ഥാന ടീമിലും സർവീസസ് അടക്കമുള്ള ടീമുകളിലും അംഗങ്ങളും പരിശീലകരുമായി.