തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കോവിഡ് അക്കൗണ്ടിൽ ലഭിച്ച തുകയുടെ നൂറിൽ നൂറ്റിപ്പത്ത് ശതമാനവും ചെലവാക്കി സംസ്ഥാന സർക്കാർ. 2020 മാർച്ച് 27 മുതൽ 2022 ജനുവരി 27 വരെ 844.12 കോടി രൂപ ലഭിച്ചപ്പോൾ 941.35 കോടി രൂപയാണ് ദുരിതകാലത്ത് ജനങ്ങൾക്കായി ചെലവഴിച്ചത്. ഭക്ഷ്യക്കിറ്റ് മുതൽ കോവിഡ് വാക്സിൻവരെ ഇതിൽ ഉൾപ്പെടും. സംഭാവനയും സാലറി –-വാക്സിൻ ചലഞ്ചും മുടക്കാനിറങ്ങിയവർ അറിയേണ്ട കണക്കാണിത്.
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനാണ്. എട്ട് കോടി കിറ്റിന് 450കോടി രൂപ നൽകി. ബിപിഎൽ, എഎവൈ കുടുംബങ്ങൾക്കുള്ള സഹായമായി 147.82 കോടിരൂപയും കോവിഷീൽഡ് വാക്സിൻ വാങ്ങാൻ 63 കോടി രൂപയും ചെലവഴിച്ചു. ഒരു ക്ഷേമപദ്ധതിയിലും അംഗമല്ലാത്ത 15,000ത്തോളം കുടുംബത്തിന് 1000 രൂപവീതം സഹായം നൽകാൻ 147.82 കോടി രൂപയും ചെലവഴിച്ചു.
2019 ജൂൺ 27 മുതൽ 2020 മാർച്ച് 26വരെ സിഎംഡിആർഎഫിൽ ആകെ 4912.45 കോടി രൂപ ലഭിച്ചു. ഇതിൽ 4140.14 കോടി രൂപ ചെലവഴിച്ചു. 2020 മാർച്ച് 27മുതൽ ലഭിച്ച തുക കോവിഡ് അക്കൗണ്ടായി പ്രത്യേകം രേഖപ്പെടുത്തുകയായിരുന്നു.
എട്ടു മാസം; 821.57 കോടി
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം എൽഡിഎഫ് സർക്കാർ എട്ടുമാസത്തിനിടെ സിഎംഡിആർഎഫിൽനിന്ന് നൽകിയത് 821.57 കോടിരൂപ. 2021 മെയ് 26 മുതൽ 2022 ജനുവരി 27 വരെയുള്ള കണക്കാണിത്. ഇതിൽ 211.13 കോടിരൂപ കോവിഡ് ധനസഹായമാണ്. 318.1 കോടിരൂപ പ്രളയ ദുരിതാശ്വാസവും 292.34 കോടിരൂപ ചികിൽസാ സഹായവുമാണ്.
പൂഴ്ത്തിവച്ച് പിഎം കെയർ
2020 മാർച്ച് 27 മുതലാണ് കേന്ദ്ര സർക്കാർ പിഎം കെയർ കോവിഡ് ഫണ്ട് സ്വരൂപിക്കലും ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സിആർഎസ്ഫണ്ട് വരെ ഇതിലേക്ക് വകമാറ്റി. ഇങ്ങനെ 7679 കോടി രൂപ ശേഖരിച്ചു. പുറമെ 3077 കോടിരൂപ അക്കൗണ്ടിലും ഉണ്ടായിരുന്നു. പലിശ ഇനത്തിൽ 235 കോടിയും. ആകെ തുക 10,991 കോടിരൂപ. ഇതിൽ 3976 കോടിരൂപ മാത്രമാണ് ചെലവഴിച്ചത്. 64 ശതമാനവും കേന്ദ്രത്തിന്റെ കൈയിലാണ്.