കൊച്ചി > സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എം ശിവശങ്കറിനെതിരെ സ്വപ്ന അഭിമുഖങ്ങളിൽ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത തേടിയാണ് നടപടി. 15വരെ സമയം നീട്ടി ചോദിക്കുമെന്ന് സ്വപ്ന തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പുതുതായി ഒന്നുമില്ലെന്നാണ് ഇഡി ഉൾപ്പെടെ അന്വേഷണ ഏജൻസികൾ വിലയിരുത്തിയത്. ഉന്നത രാഷ്ട്രീയ ഇടപെടലാണ് ഇഡിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. കസ്റ്റംസും എൻഐഎയും കേസിൽ പുനരന്വേഷണമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.