അഹമ്മദാബാദ് > വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് രണ്ടാംമത്സരത്തിന്. ആദ്യ കളിയിൽ ആറ് വിക്കറ്റിന്റെ ആധികാരിക ജയമായിരുന്നു രോഹിത് ശർമയ്ക്കും സംഘത്തിനും.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഏകദിനവും തോറ്റുവന്ന ഇന്ത്യ സ്വന്തം തട്ടകത്തിൽ ഉശിരുകാട്ടി. വിൻഡീസിന് ആദ്യ ഏകദിനത്തിൽ പിടിച്ചുനിൽക്കാൻപോലുമായില്ല. സ്പിന്നർമാരായ യുശ്-വേന്ദ്ര ചഹാലും വാഷിങ്ടൺ സുന്ദറും അവരുടെ ബാറ്റർമാരെ വരിഞ്ഞുമുറുക്കി.
അമ്പതോവറും പിടിച്ചുനിൽക്കാൻ കഴിയാത്തതാണ് വിൻഡീസിന്റെ ആശങ്ക. 2021 മുതൽ 13 ഏകദിനം കളിച്ചതിൽ ഒമ്പതിലും അമ്പതോവർ പൂർത്തിയാകുംമുമ്പ് പുറത്തായി. 13 കളിയിലും സ്പിന്നർമാർക്കുമുന്നിലാണ് പതറിയത്. 44 വിക്കറ്റ് സ്പിന്നിനുമുന്നിലാണ്. ഇന്ത്യയുമായുള്ള ആദ്യ ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജാസൺ ഹോൾഡറുടെ ചെറുത്തുനിൽപ്പാണ് 150 കടത്തിയത്.
ഏകദിനത്തിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഷായ് ഹോപ്പാണ് ബാറ്റിങ് നിരയിലെ പ്രധാനി. നിക്കോളാസ് പുരാൻ, ഡാരെൻ ബ്രാവോ, ക്യാപ്റ്റൻ കീറൺ പൊള്ളാർഡ്, ഫാബിയൻ അല്ലെൻ എന്നിവരൊക്കെ ബാറ്റിങ് നിരയിലുണ്ട്. ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന് പകരം വെെസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ഇടംപിടിക്കും. മറ്റ് മാറ്റങ്ങളുണ്ടാകില്ല. പകൽ 1.30നാണ് മത്സരം. 1001–ാമത് ഏകദിന മത്സരമാണ് ഇന്ത്യക്ക്.