കൊച്ചി > രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിൽ നാലു പുതുമുഖങ്ങളെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ, ഓൾറൗണ്ടർ ഏദൻ ആപ്പിൾ ടോം, ഓപ്പണർ ആനന്ദ് കൃഷ്ണൻ, പേസർ എഫ് ഫാനൂസ് എന്നിവരാണ് സീനിയർ കുപ്പായമണിയുക. എലൈറ്റ് എ ഗ്രൂപ്പിലുള്ള കേരളത്തിന്റെ മത്സരങ്ങൾ രാജ്കോട്ടിലാണ്. ഇരുപതംഗ ടീം നാളെ പുറപ്പെടും. 17ന് മേഘാലയക്കെതിരെയാണ് ആദ്യമത്സരം.
സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. വിഷ്ണുവിനോദ് വൈസ് ക്യാപ്റ്റനാണ്. എസ് ശ്രീശാന്ത് ടീമിലുണ്ട്. പരിക്കുള്ള റോബിൻ ഉത്തപ്പ ഇക്കുറിയില്ല. സഞ്ജു സാംസൺ ശാരീരികക്ഷമത വീണ്ടെടുക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. കളിക്കാൻ പൂർണസജ്ജമായാൽ ടീമിനൊപ്പം ചേരും. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനും ടീമിലില്ല.
ജൂനിയർതലത്തിലെ മികവാണ് നാലു പുതുമുഖങ്ങൾക്കും അവസരമൊരുക്കിയത്. കണ്ണൂർ സ്വദേശിയായ വരുൺ നായനാർ വിക്കറ്റ് കീപ്പർ ബാറ്ററാണ്. കുറച്ചുകാലമായി ജൂനിയർ ടീമിലെ സ്ഥിരംസാന്നിധ്യമാണ് പത്തൊമ്പതുകാരൻ. പത്തനംതിട്ട സ്വദേശിയായ പതിനേഴുകാരൻ ഏദൻ ആപ്പിൾ ടോം കഴിഞ്ഞ സീസൺ അണ്ടർ 19 കൂച്ച് ബെഹർ ട്രോഫിയിൽ കേരളത്തിനായി 15 വിക്കറ്റെടുത്തു. മലപ്പുറത്തുകാരനായ ആനന്ദ് കൃഷ്ണൻ ഇടംകൈയൻ ഓപ്പണറാണ്. വലംകൈ പേസറായ ഫാനൂസ് തിരുവനന്തപുരത്തുകാരനാണ്.
ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണുവിനോദ് (വൈസ് ക്യാപ്റ്റൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി രാഹുൽ, സൽമാൻ നിസാർ, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെ സി അക്ഷയ്, എസ് മിഥുൻ, എൻ പി ബേസിൽ, എം ഡി നിധീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ് ഫാനൂസ്, എസ് ശ്രീശാന്ത്, വരുൺ നായനാർ, വിനൂപ് മനോഹരൻ, ഏദൻ ആപ്പിൾ ടോം. കോച്ച്: ടിനു യോഹന്നാൻ.