പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കനായി രക്ഷാ ദൗത്യം തുടരുന്നു. വെല്ലിങ്ടണിൽ നിന്നുള്ള കരസേന സംഘം വാളയാറിൽ നിന്ന് ചെറോടിലേക്ക് എത്തി. സംഘത്തിൽ പർവതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങൾ ഉണ്ട്. ഇന്നലെ ഉച്ച മുതൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് സംഘത്തിന്റെ ആദ്യ ലക്ഷ്യം.
ബെംഗളൂരുവിൽ നിന്ന് പാരാ മിലിട്ടറി സംഘവും എത്തുന്നുണ്ട്. ഇതിന് ശേഷം ബാബുവിനെ പുറത്ത് എത്തിക്കാൻ സംയുക്ത ഓപ്പറേഷൻ നടത്തും. 33 മണിക്കൂറോളമായി യുവാവ് അവിടെ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം യുവാവിന്റെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. രാത്രി ഇരുട്ട് നിറഞ്ഞ പ്രദേശത്ത് എപ്രകാരമുള്ള രക്ഷാപ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്നും സംഘം ദൗത്യം ആരംഭിച്ചാൽ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
പാലക്കാട് കളക്ടർ കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സിൽ റിക്വസ്റ്റ് അയച്ചതിനെ തുടർന്ന് മൂന്ന് മണിയോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും കാലാവസ്ഥ കാരണം ദൗത്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു. ഉച്ചയ്ക്ക് ശേഷം കാറ്റിന് വേഗത കൂടുതലായതാണ് പ്രതികൂലമായത്. നിലവിലെ സാഹചര്യത്തിൽ കരമാർഗമുള്ള രക്ഷാപ്രവർത്തനാമാണ് കൂടുതൽ സൗകര്യം. സൈന്യത്തിൽ ഇത്തരത്തിൽ കുന്നിൻ മുകളിലും മലമുകളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്. ഇവരടങ്ങുന്ന സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്.
മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലാണ് ബാബു. ഭക്ഷണവും വെള്ളവും എത്തിക്കാൻ പറ്റിയ അവസ്ഥയിലല്ല ബാബു നിൽക്കുന്ന സ്ഥലമുള്ളത്. മുകളിൽ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നിൽക്കുന്നത് മലയിടുക്കിലായതിനാൽ അത് കൈക്കലാക്കാൻ പറ്റില്ല.
Content Highlights: rescue operations at late night for babu