പാലായിൽ അന്തരിച്ച ദേശീയ വോളിബോൾ താരവും ദീർഘകാലം കെഎസ്ഇബി ടീമിന്റെ പരിശീലകനുമായിരുന്ന വി സി ജോണിനെ മുൻ രാജ്യാന്തര കളിക്കാരിയും കെഎസ്ഇബി വനിതാ ടീം കോച്ചുമായ ജയ്സമ്മ മൂത്തേടം ഓർമിക്കുന്നു….
ഞങ്ങൾ ഒരേ നാട്ടുകാരും ഒരേ പ്രായക്കാരുമായിരുന്നു. ഒരേ ദിവസമാണ് കെ എസ്ഇബിയിൽനിന്ന് വിരമിച്ചത്. അപ്പോൾ ജോണച്ചൻ (ഞങ്ങൾ അങ്ങനെയാണ് വിളിക്കാറ്) പറഞ്ഞു നമുക്ക് പാലായിൽ ഒരു ക്ലബ് തുടങ്ങണം. എന്നെ ചേച്ചിയെന്നും ചിലപ്പോൾ മാഡം എന്നും വിളിക്കും. കുട്ടികളെ സംഘടിപ്പിച്ച് നല്ല പരിശീലനം നൽകണം. ഞാനതിന് സമ്മതം മൂളിയതാണ്. എന്നാൽ, കോവിഡ് എല്ലാം മാറ്റിമറിച്ചു. വൈകാതെ ജോണച്ചൻ രോഗത്തിന്റെ പിടിയിലായി.
ദേശീയ മിനി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം സെലക്ഷൻ കാലത്താണ്, 1975ൽ ജോണച്ചനെ ആദ്യമായി കാണുന്നത്. പിന്നീട് ഞങ്ങളൊക്കെ സീനിയർ ടീമിന്റെ ഭാഗമായി. 1985ലെ ദേശീയ ഗെയിംസിൽ സ്വർണം നേടിയത് കെഎസ്ഇബിയിൽ ജോലിക്ക് വഴിയൊരുക്കി. ടീമിലെ നല്ല സെറ്ററായിരുന്നു. ഒരു എടുത്തുചാട്ടവുമില്ലാത്ത പക്വതയുള്ള കളിക്കാരൻ. കളത്തിലും ശാന്തൻ.
പരിശീലകനായും തിളങ്ങി. കുടുംബപരമായകാരണങ്ങളാൽ ഞാൻ രണ്ട് വർഷം കോച്ച് സ്ഥാനത്തുനിന്നു മാറിനിന്നപ്പോൾ കണ്ണുംപൂട്ടി വനിതാ ടീമിന്റെ ചുമതല അദ്ദേഹത്തിനാണ് നൽകിയത്. ചിട്ടയും ആത്മസമർപ്പണവുള്ള പരിശീലകനായിരുന്നു. 1996ൽ ബംഗളൂരു ദേശീയ ഗെയിംസിൽ കേരള വനിതാ ടീമിനെ ജേതാക്കളാക്കിയത് പൊൻതൂവലായി. പിന്നീട് എന്തൊക്കെയോ തടസ്സങ്ങൾമൂലം ജോണച്ചന് സീനിയർ ടീം പരിശീലകനാകാൻ കഴിഞ്ഞില്ല. വോളിബോളായിരുന്നു എന്നും മനസ്സിൽ. രണ്ടു മാസംമുമ്പ് വിളിച്ചപ്പോഴും കളി കാണാൻപോയ കഥകളാണ് പറഞ്ഞത്. നേരത്തേയുള്ള ഈ വേർപാട് വ്യക്തിപരമായും കേരള വോളിക്കും നഷ്ടം തന്നെ.