ജനീവ > ഐക്യരാഷ്ട്ര സംഘടന വിവിധ രാജ്യത്തിനുമേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പടുത്തുന്നതിനെതിരെ രക്ഷാസമിതിയിൽ ആഞ്ഞടിച്ച് റഷ്യയും ചൈനയും. ഉപരോധങ്ങൾ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഇത് ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കണമെന്നും ഇരുരാജ്യവും ആവശ്യപ്പെട്ടു.
സിറിയ, ബെലാറസ്, ക്യൂബ, വെനസ്വേല, ഇറാൻ, അഫ്ഗാനിസ്ഥാൻ, മാലി എന്നീ രാജ്യങ്ങൾക്കുമേൽ തുടർ ഉപരോധം ചെലുത്തുന്നത് അവയുടെ സാമ്പത്തികാവസ്ഥയെ പ്രതിസന്ധിയിലാക്കിയെന്ന് റഷ്യയുടെ സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാൻസ്കി പറഞ്ഞു.
കൊറിയയിൽ ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കിയ ഇത്തരം ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ചൈനീസ് സ്ഥാനപതി ഷാങ് ജുൻ ആവശ്യപ്പെട്ടു. എന്നാൽ, ഉപരോധം സമ്മർദതന്ത്രം മാത്രമാണെന്നും അത് മനുഷ്യാവകാശ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡി കാർലോ വാദിച്ചു.