മോസ്കോ > ഉക്രയ്നിൽ തടർന്നു വരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. 2015ലെ മിൻസ്ക് ഉടമ്പടി വ്യവസ്ഥകൾ പാലിക്കാൻ ഉക്രയ്ൻ വിസമ്മതിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പുടിൻ വ്യക്തമാക്കി.
റഷ്യ യുദ്ധസന്നാഹം ഒരുക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മേഖലയിൽ കൂടുതൽ സൈന്യത്തെ ഇറക്കുകയാണ്. കിഴക്കൻ യൂറോപ്പിൽ നാറ്റോ സൈന്യത്തെ വ്യാപിപ്പിക്കരുതെന്ന റഷ്യയുടെ ആവശ്യം ബോധപൂർവം നിരാകരിക്കപ്പെടുകയാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ പുടിൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് മുൻകൈയെടുക്കുമെന്ന് മാക്രോൺ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കുശേഷം ഉക്രയ്നിലെത്തിയ മാക്രോൺ സന്ദർശനശേഷം വീണ്ടും പുടിനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യും. അതേസമയം, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉക്രയ്ൻ സൈന്യം സൈനികാഭ്യാസം നടത്തുമെന്ന് അധികൃതർ അറിയിച്ചു പാശ്ചാത്യ സഖ്യരാജ്യങ്ങളിൽനിന്ന് ലഭിച്ച ഡ്രോണുകളും ആധുനിക മിസൈലുകളും ഉപയോഗിച്ചായിരിക്കും പരിശീലനം. നാറ്റോ അംഗരാജ്യങ്ങൾ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് തുടരുകയാണ്. പോളണ്ട്, റൊമാനിയ, ജർമനി എന്നിവിടങ്ങളിലേക്ക് യുഎസ് സൈന്യത്തെ അയച്ചു.