പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തിൽ നാളെ (ബുധനാഴ്ച) ശുഭ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ഡിഫൻസ് പി.ആർ.ഒ കമാൻഡർ അതുൽ പിള്ള. നാളെ അതിരാവിലെ തന്നെ രക്ഷാദൗത്യം ആരംഭിക്കുമെന്നും സേനയുടെ വിവിധ സംഘങ്ങൾ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാലാവസ്ഥാ പ്രശ്നങ്ങളാണ് യുവാവിനെ രക്ഷിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് കളക്ടർ കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സിൽ റിക്വസ്റ്റ് അയച്ചതിനെ തുടർന്ന് മൂന്ന് മണിയോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും കാലാവസ്ഥ കാരണം ദൗത്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു. ഉച്ചയ്ക്ക് ശേഷം കാറ്റിന് വേഗത കൂടുതലായതാണ് പ്രതികൂലമായത്. സേനയുടെ പ്രത്യേക പരിശാലനം നേടിയ സംഘംബുധനാഴ്ച എത്തും.നിലവിലെ സാഹചര്യത്തിൽ കരമാർഗമുള്ള രക്ഷാപ്രവർത്തനാമാണ് കൂടുതൽ സൗകര്യം. സൈന്യത്തിൽ ഇത്തരത്തിൽ കുന്നിൻ മുകളിലും മലമുകളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്.
വ്യോമസേന വിമാനങ്ങൾ തിരുവനന്തപുരത്ത് സജ്ജമാണ്. ഒപ്പം തന്നെ നാവികസേനയും നിലവിൽ തയ്യാറാണെന്ന്ഡിഫൻസ് പി.ആർ.ഒ അറിയിച്ചു. മലയിൽ അകപ്പെട്ട് മുപ്പത് മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്.
ഈ ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവർത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാർഥിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയർത്തി പ്രതികരിച്ചിരുന്നു. എന്നാൽ രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോൾ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു.
മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലാണ് ബാബു. ഭക്ഷണവും വെള്ളവും എത്തിക്കാൻ പറ്റിയ അവസ്ഥയിലല്ല ബാബു നിൽക്കുന്ന സ്ഥലമുള്ളത്. മുകളിൽ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നിൽക്കുന്നത് മലയിടുക്കിലായതിനാൽ അത് കൈക്കലാക്കാൻ പറ്റില്ല.
Content Highlights: Expecting good news from Palakkad tomorrow says defence PRO