തിരുവനന്തപുരം: അച്ഛന്റെ കടം വീട്ടാൻ മകൻ നൽകിയ പരസ്യം ഫലംകണ്ടു.തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസർ, തൻറെ പിതാവിനെ നിർണായക സന്ദർഭത്തിൽ സഹായിച്ച ആളുടെ മക്കളെ കണ്ടെത്തി. മുപ്പത് വർഷം മുൻപ് നാസറിൻറെ പിതാവ് അബ്ദുള്ളയുടെജോലി നഷ്ടപ്പെട്ടപ്പോൾ പണം നൽകി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് ഒടുവിൽ സഫലമായത്.
ലൂസിസ് വാർധക്യ സഹജമായ രോഗത്തെ തുടർന്ന് മരണപ്പെട്ടു. അദ്ദേഹത്തിൻറെ മക്കളാണ് ഇപ്പോൾ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂസിസിനെ തിരിച്ചറിഞ്ഞത്.ലൂസിസിന്റെ സമീപകാലത്തെഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്. എന്നാൽ പുതിയ ഫോട്ടോ ആയതിനാൽ സുഹൃത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂസിസാണെന്ന് തിരിച്ചറിഞ്ഞത്.
തിരിച്ചു നൽകുന്നപണം വേണ്ടെന്നും അത് അനാഥാലയത്തിന് നൽകാനുമാണ് ലൂസിസിന്റെ പെൺമക്കൾ നാസറിനോട്പറഞ്ഞത്. തുടർന്ന് ലൂസിസിന്റെ അനുജൻ ബേബിയുമായി നാസർ ബന്ധപ്പെട്ടു. നിലവിൽ കോവിഡ് സമ്പർക്കം മൂലം ഹോം ക്വാറന്റീനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റീൻ തീരുമ്പോൾ പണവുമായി തിരുവനന്തപുരത്ത് നിന്നും നാസർ കൊല്ലത്തേക്ക് തിരിക്കും.
ലൂസിസിൻറെ പഴയതും പുതിയതുമായ ചിത്രങ്ങൾ
പരസ്യം നൽകിയതിനെ തുടർന്ന്ലൂസിസിന്റെ മക്കളെന്ന് അവകാശവാദമുന്നയിച്ച്അഞ്ചുപേർ നാസറിനെ സമീപിച്ചിരുന്നു. എന്നാൽ അബ്ദുള്ളയുടെ സുഹൃത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇവർ ആരുമല്ല അന്വേഷിച്ച ആളെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് യഥാർഥ ലൂസിസിൻറെ കുടുംബത്തെ കണ്ടെത്തിയത്.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു വിദേശ കമ്പനിയിലെ തൊഴിലാളിയായിരുന്നു നാസറിന്റെ അച്ഛൻ ഹബീബുള്ള എന്ന അബ്ദുള്ള. വിശാഖപട്ടണം, ഗോവ എന്നിവിടങ്ങളിലുള്ള ഹാർബറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. ഒപ്പം ലൂസിസ്, ബേബി, ഭാർഗവൻ എന്നിവരും ജോലി നോക്കിയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്ത് വിദേശ കമ്പനികളെ രാജ്യത്തുനിന്ന് പുറത്താക്കിയതോടെയാണ് നാലുപേർക്കും ജോലി നഷ്ടമായത്. 1978-ന് ശേഷമായിരുന്നു ഇത്.
ലൂസിസിൻറെ അനുജൻ ബേബി- പഴയചിത്രവും പുതിയചിത്രവും
ജോലി നഷ്ടമായതോടെ ഉപജീവന മാർഗം തേടി ലൂസിസും ബേബിയും ഗൾഫിലെത്തി. പിന്നീട് ഫ്രീ വിസ വഴി അബ്ദുള്ളയും ഗൾഫിലെത്തി. ഇവർ ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. ആദ്യം ഒരു ഓയിൽ കമ്പനിയിൽ അബ്ദുള്ള ജോലി നോക്കിയെങ്കിലും കമ്പനി പൊളിഞ്ഞു. ഇതോടെ ജോലി നഷ്ടപ്പെട്ട സുഹൃത്തിന് 1,000 ദിർഹം നൽകി ലൂസീസ് സഹായിച്ചു. ഇന്നത്തെ 23,000 രൂപ വരുമിത്. ശേഷം എമിറേറ്റ്സിന്റെ പല ഭാഗത്തേക്ക് ജോലിക്കായി അബ്ദുള്ള പോയതോടെ ലൂസിസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അബ്ദുളള ഒരു ക്വാറിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും 1987-ൽ തിരിച്ച് നാട്ടിലെത്തി.ഇതിനു ശേഷം കയറുമായി ബന്ധപ്പെട്ട ജോലികളിലാണ് പിതാവ് ഏർപ്പെട്ടിരുന്നതെന്ന് നാസർ പറയുന്നു.
പിതാവ് അബ്ദുള്ള മരിക്കുമ്പോഴാണ് കടബാധ്യതയുള്ള വിവരം മക്കളെ അറിയിക്കുന്നത്. കൊല്ലം സ്വദശിയായ ലൂസിസ് വീട് മാറിയതോടെ ആളെ കണ്ടെത്താനും ബുദ്ധിമുട്ടായി.ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പരസ്യം നൽകിയിരുന്നു. തുടർന്ന്കഴിഞ്ഞ മാസം 31-നാണ്ലൂസിസിനെ തേടി പത്രമാധ്യമങ്ങളിൽപരസ്യം നൽകിയത്.
Content Highlights: advertisement for clearing debt in the name of father shows result