തിരുവനന്തപുരം > കഴിഞ്ഞ വര്ഷത്തെ സംസ്ഥാന കായകല്പ്പ് അവാര്ഡ് ആരോഗ്യമന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. കേരളത്തിലെ ജില്ലാ ആശുപത്രികള്, താലൂക്ക് ആശുപത്രികള്, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് എന്നി സര്ക്കാര് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്ക്കാര് ആവിഷ്കരിച്ച അവാര്ഡാണ് കായകല്പ്പ്.
ജില്ലാതല ആശുപത്രികളില് 92.75 ശതമാനം സ്കോര് നേടി ഒന്നാം സ്ഥാനം കൊല്ലം ജില്ലാ ആശുപത്രിയും എറണാകുളം ജനറല് ആശുപത്രി പങ്കിട്ടു. ജില്ലാ തലത്തില് 89.24 ശതമാനം സ്കോറോടെ രണ്ടാം സ്ഥാനം തൃശൂർ ജനറല് ആശുപത്രി കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് 50 ലക്ഷവും രണ്ടാം സ്ഥനത്തിന് 20 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ജില്ലാതലത്തില് 70 ശതമാനത്തില് കൂടുതല് സ്കോര് നേടിയ 6 ആശുപത്രികള് 3 ലക്ഷം രൂപ വീതം കമന്ഡേഷന് അവാര്ഡുകളും നേടിയിട്ടുണ്ട്.
സബ് ജില്ലാ തലത്തില് പുനലൂര് താലൂക്ക് ഹെഡ്ക്വാര്ട്ടേഴ്സ് ആശുപത്രി, കൊല്ലം (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തെത്തിയ താമരശേരി താലൂക്ക് ഹെഡ്ക്വാര്ട്ടേഴ്സ് ആശുപത്രി, കോഴിക്കോട് (89.95 ശതമാനം) 10 ലക്ഷം രൂപയും കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില് 70 ശതമാനത്തില് കൂടുതല് സ്കോര് നേടിയ 7 ആശുപത്രികള്ക്ക് 1 ലക്ഷം രൂപ വീതം കമന്ഡേഷന് അവാര്ഡുകള് ലഭിക്കും.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില് ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് തൃശൂര് പെരിഞ്ഞനം സിഎച്ച്സി (91.29 ശതമാനം) അര്ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില് 70 ശതമാനത്തില് കൂടുതല് മാര്ക്ക് നേടിയ 13 ആശുപത്രികള്ക്ക് 1 ലക്ഷം രൂപ വീതം കമന്ഡേഷന് അവാര്ഡുകള് ലഭിക്കുന്നതാണ്.
അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് വിഭാഗങ്ങളെ 3 ക്ലസ്റ്ററായി തിരിച്ചാണ് അവാര്ഡ് നല്കിയത്. അതില് ഫസ്റ്റ് ക്ലസ്റ്ററില് തിരുവല്ല അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ തിരുവനന്തപുരം മാമ്പഴക്കര അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് (96.3 ശതമാനം) കരസ്ഥമാക്കി. തിരുവനന്തപുരം മുട്ടട അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അര്ഹരായി.
സെക്കന്റ് ക്ലസ്റ്ററില് തൃശൂര് സെന്റര് വി ആര് പുരം അര്ബന് പ്രൈമറി ഹെല്ത്ത് (98.3 ശതമാനം) ഒന്നാം സ്ഥാനവും, തൃശൂര് ഗോസായിക്കുന്ന് അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് (97.9 ശതമാനം) രണ്ടാം സ്ഥാനവും, എറണാകുളം എളമാന്തോപ്പ് അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തേര്ഡ് ക്ലസ്റ്ററില് മലപ്പുറം വെട്ടേക്കോട് അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും കാസര്ഗോഡ് പുളിങ്കുന്ന് അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും വയനാട് കല്പ്പറ്റ അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് 87.9 ശതമാനം മാര്ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് 70 ശതമാനത്തില് കൂടുതല് മാര്ക്ക് നേടിയ 9 ആശുപത്രികള്ക്ക് 50,000 രൂപ വീതം കമന്ഡേഷന് അവാര്ഡുകള് ലഭിക്കുന്നതാണ്.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില് എല്ലാ ജില്ലകളില് നിന്നും ഏറ്റവും കൂടുതല് മാര്ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില് തന്നെ 70 ശതമാനത്തില് കൂടുതല് മാര്ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്ക്ക് 50,000 രൂപ വീതവും അവാര്ഡ് തുക ലഭിക്കുന്നതാണ്.
എഫ്എച്ച്സി കാട്ടാക്കട ന്യൂ ആമച്ചല്, തിരുവനന്തപുരം (92.5 ശതമാനം), എഫ്എച്ച്സി അഴീക്കല്, കൊല്ലം (86.3 ശതമാനം), പിഎച്ച്സി പാണാവള്ളി, ആലപ്പുഴ (81 ശതമാനം), പിഎച്ച്സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്സി ഓമല്ലൂര് പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്സി മുത്തോലി, കോട്ടയം (87.9 ശതമാനം), പിഎച്ച്സി കോടിക്കുളം, ഇടുക്കി (85 ശതമാനം), എഫ്എച്ച്സി രായമംഗലം, എറണാകുളം (91.7 ശതമാനം), എഫ്എച്ച്സി മാടവന, തൃശൂര് (96.7 ശതമാനം), എഫ്എച്ച്സി പൂമംഗലം, തൃശൂര് (96.7 ശതമാനം), എഫ്എച്ച്സി വെല്ലിനേഴി, പാലക്കാട് (80.3 ശതമാനം), എഫ്എച്ച്സി വഴക്കാട്, മലപ്പുറം (97 ശതമാനം), എഫ്എച്ച്സി നരിപ്പറ്റ, കോഴിക്കോട് (97.1 ശതമാനം), എഫ്എച്ച്സി എടവക, വയനാട് (97.9 ശതമാനം). എഫ്എച്ച്സി ന്യൂ മാഹി, കണ്ണൂര് (95.6 ശതമാനം), എഫ്എച്ച്സി പാണത്തൂര്, കാസര്ഗോഡ് (98.3 ശതമാനം) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയവര്.
അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് 70 ശതമാനത്തില് കൂടുതല് മാര്ക്ക് നേടിയ 28 ആശുപത്രികള്ക്ക് 50,000 രൂപ വീതം കമന്ഡേഷന് അവാര്ഡുകള് ലഭിക്കും. ആശുപത്രികളില് ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.