തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നോട്ടീസ് കിട്ടിയാൽ അന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണ ഏജൻസികൾ എന്നോട് എന്താണ് ചോദിക്കുന്നതെന്ന് അറിയില്ല. ഇ മെയിലിലെ ടെക്നിക്കൽ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. ശിവശങ്കർ എന്ന വ്യക്തിയെക്കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രതികരണവുമായിട്ടാണ് ഞാൻ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ശിവശങ്കറിനെ പേടിയില്ലെന്നും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കേസിന്റെ ഭാഗമായാണോ അതോ തന്റെ വെളിപ്പെടുത്തലുകളുടെ ഭാഗമായാണോ ഇ ഡി ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം അതിനെക്കുറിച്ച് വ്യക്തമാക്കാം. ഞാനൊരു കുറ്റവാളിയാണെന്ന കാര്യം മറക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എല്ലാ അന്വേഷണ ഏജൻസികളുമായും സഹകരിക്കും.
താൻ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പുറത്ത് വന്ന ശബ്ദരേഖയുടെ പുറകിൽ ശിവശങ്കർ ആണോ എന്ന് അറിയില്ല. ശിവശങ്കർ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങൾ ആണ്. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെക്കുറിച്ചാണ് ഞാൻ പ്രതികരിച്ചത്. ജയിലിലായിരുന്നപ്പോഴും അല്ലാതെയും ഞാൻ നേരിട്ടതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളിലൂടെയുള്ള എന്റെ പ്രതികരണം.
Content Highlights:iam on the verge of suicide will cooperate with any investigation