ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയർന്നതിനെ തുടർന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജർ റെൻസി ഇസ്മയിലാണ് സംശയവുമായി രംഗത്തെത്തിയത്. ഇയാൾ നൽകിയ വിവരങ്ങൾ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കാഷായ വേഷം, നരച്ച താടി, രുദ്രാക്ഷമാല-അടുത്തിടെ ട്രാവൽ ബ്ലോഗിൽ കണ്ട സ്വാമി സുകുമാരക്കുറുപ്പ് തന്നെയെന്ന് ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജർ കൂടിയായ റെൻസി ഇസ്മയിൽ പറയുന്നു. മുഖ്യമന്ത്രിക്കടക്കം വിവരങ്ങൾ കൈമാറിക്കൊണ്ട് റെൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം റെൻസി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി. ഗുജറാത്തിൽ മുൻപ് അധ്യാപകനായിരുന്ന റെൻസി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളിൽ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങൾ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയങ്ങൾ ഉടലെടുത്തത്.
തുടർന്ന് അന്ന് തന്നെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ലെന്ന് റെൻസി പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാവിവരണങ്ങൾ ഉൾപ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെൻസി വീണ്ടും സംശയം ഉന്നയിച്ച് പരാതി നൽകുകയായിരുന്നു.
ചാക്കോ വധക്കേസിൽ 1984 ജനുവരി 21ന് മാവേലിക്കര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.
Content Highlights:crime brach to investigate on sukumara kurup again after doubts raised by a man