തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് സ്വപ്നയ്ക്ക് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് അഭിമുഖങ്ങളിലൂടെ പുതിയ ആരോപണം ഉന്നയിച്ചത്.
ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സ്വപ്നയോട് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ്എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നിൽ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിനുവേണ്ടിയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുന്ന കാര്യവും ഇ.ഡി പരിശോധിക്കുന്നുണ്ട്. മൊഴിയിൽ ആരേക്കുറിച്ചൊക്കെപറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ആളുകളെ കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുക.
നേരത്തെ കേസിന്റെ അന്വേഷണഘട്ടത്തിൽ അട്ടകുളങ്ങര ജയിലിൽ വെച്ച് ഇ.ഡി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫോൺ നൽകി ശബ്ദരേഖ റെക്കോർഡ് ചെയ്യിപ്പിച്ചതിന് പിന്നിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണെന്നകാര്യം അന്ന് സ്വപ്ന സുരേഷ് ഇ.ഡിയോട് സമ്മതിച്ചിരുന്നു. ഇതിനുപിന്നിൽ ശിവശങ്കറാണ് എന്ന പുതിയ ആരോപണത്തിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്.
Content Highlights: gold smuggling case – ED send notice to Swapna