ഏഷ്യാനെറ്റ് ന്യൂസ് വാര‍്ത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രിയെ കുടുക്കാനായി അന്വേഷണ ഏജൻസികള്‍ തന്‍റെ മേൽ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു സ്വപ്ന സുരേഷ് പഴയ ശബ്ദരേഖയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ സംഭവം ശിവശങ്കറുടെ തിരക്കഥയാണെന്നാണ് സ്വപ്ന ഇപ്പോള്‍ ആരോപിക്കുന്നത്. ശബ്ദ റെക്കോഡ് പുറത്തു വന്ന സംഭവത്തിനു പിന്നിൽ പ്രവര്‍ത്തിച്ചത് ആരാണെന്നടക്കം ഇഡി അന്വേഷിക്കും.
Also Read:
മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസികള്‍ വാഗ്ദാനം ചെയ്തെന്നും ശിവശങ്കറിനൊപ്പം ദുബായിലെത്തിയത് മുഖ്യമന്ത്രിയ്ക്കു വേണ്ടി ഫിനാൻഷ്യൽ നെഗോസ്യേഷൻ നടത്താനാണെന്നു പറയാൻ തന്‍റെ മേൽ സമ്മര്‍ദ്ദമുണ്ടായെന്നുമാണ് ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്നാണ് സ്വപ്നയുടെ പുതിയ ആരോപണം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസ് അട്ടിമറിക്കാൻ എം ശിവശങ്കറും ചില കേരള പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Also Read:
ശബ്ദരേഖയുണ്ടാക്കാനായി ശിവശങ്കറാണ് പദ്ധതിയൊരുക്കിയതെന്നും ഗാര്‍ഡ് നിന്ന പോലീസ് ഉദ്യോഗസ്ഥ മൊബൈലിൽ ശബ്ദം റെക്കോഡ് ചെയ്യുകയായിരുന്നുവെന്നുമാണ് സ്വപ്ന പറയുന്നത്. ഈ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്കെതിരെ കേരള പോലീസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഈ അന്വേഷണം പിന്നീട് കോടതി തടയുകയായിരുന്നു. ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര‍് നല്‍കിയ ഹര്‍ജി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നുമുണ്ട്.
മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്ത് കേസിലേയ്ക്ക് വലിച്ചിഴയ്ക്കാൻ അന്വേഷണ ഏജൻസികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി എം ശിവശങ്കര്‍ ഐഎഎസും തന്‍റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി കിട്ടുമെന്ന് കരുതിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ശിവശങ്കറുടെ ആരോപണം. കേസിലെ കിങ് പിൻ താനാണെന്ന് അഡീഷണൽ സോളിസിറ്റര്‍ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞെന്നും നയതന്ത്ര ബാഗേജ് തടഞ്ഞു വെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും താൻ ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിനു പിന്നാലെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വപ്നയ്ക്കെതിരെ ശിവശങ്കര്‍ പുസ്തകത്തിൽ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങള്‍ പ്രതികരണത്തിനായി സ്വപ്നയെ സമീപിക്കുകയായിരുന്നു.