നൗകാമ്പ്> അത്ലറ്റികോ മാഡ്രിഡിനെ ഉശിരൻ പോരാട്ടത്തിൽ മറികടന്ന് ബാഴ്സലോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്കുയർന്നു. ഡാനി ആൽവേസിന്റെ ഗോൾ ബാഴ്സയുടെ ജയത്തിന് മാറ്റേകി. അതേസമയം രണ്ടാംപകുതിയിൽ ചുവപ്പുകാർഡിൽ ഈ ബ്രസീലുകാരൻ പുറത്താകുകയും ചെയ്തു. ആദ്യപകുതിയിൽത്തന്നെ നാല് ഗോൾ പിറന്ന കളിയിൽ ബാഴ്സ 3–1ന് ലീഡ് നേടി. ജോർഡി ആൽബയും ഗാവിയും റൊണാൾഡ് അറൗഹോയും ലക്ഷ്യം കണ്ടു. യാന്നിക് കറാസ്കോയിലൂടെ അത്ലറ്റികോയാണ് ലീഡ് എടുത്തത്. പിന്നാലെ മൂന്നു ഗോളുമായി ബാഴ്സ നിറഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ആൽവേസിന്റെ ഗോളിൽ ബാഴ്സ നാല് തികച്ചു. പത്ത് മിനിറ്റ് തികയുംമുമ്പ് ലൂയിസ് സുവാരസ് അത്ലറ്റികോയ്ക്കായി വല കുലുക്കി. അടുത്ത 10 മിനിറ്റിൽ ആൽവേസ് ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. പത്തുപേരായി ചുരുങ്ങിയെങ്കിലും സാവിയുടെ സംഘം വിട്ടുകൊടുത്തില്ല. 22 കളിയിൽ 38 പോയിന്റാണ് ബാഴ്സയ്ക്ക്. അത്-ലറ്റികോയ്ക്ക് 36ഉം. 53 പോയിന്റുമായി റയൽ മാഡ്രിഡാണ് ഒന്നാമത്. ഗ്രനഡയെ 1–0ന് തോൽപ്പിച്ചാണ് റയൽ ലീഡ് ഉയർത്തിയത്.