ജറുസലേം> ഇസ്രയേല്‍ മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകന്റെ ഫോണും പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. അവ്നെർ നെതന്യാഹുവിന്റെയും മുൻ പ്രധാനമന്ത്രിയുമായി അടുപ്പമുള്ള വ്യക്തികളുടെയും ഫോണിൽ ചാര സോഫ്റ്റ്വെയർ കണ്ടെത്തിയതായി ഇസ്രയേലി പത്രം കാൽകലിസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
ഇസ്രയേലി പൊലീസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പത്രം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരായ മുഖ്യ സാക്ഷിയുടെ ഫോണിലും പെഗാസസ് കടത്തി. മുൻ മന്ത്രിമാർ, മേയർമാർ, പ്രക്ഷോഭകർ, വ്യാപാരികൾ തുടങ്ങി പൊലീസുകാർ ചോർത്തിയവരുടെ നീണ്ട പട്ടികയാണ് പത്രം പുറത്തുവിട്ടത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ ഇസ്രയേൽ പൊലീസ് കമിഷണർ കോബി ഷബ്തായി പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു