ജോല (മുസഫർനഗർ)> എട്ട് വർഷംമുമ്പുള്ള ആ തണുത്ത രാത്രിയിലെ ഓർമകളിലേക്ക് മടങ്ങുമ്പോൾ അബ്ദുൾ ഗഫൂറിന്റെ കണ്ണുകളിൽ ഇപ്പോഴും ഭീതി നിഴലിക്കും. ബെഹൗദിയിലെ ചെറിയ വീട്ടിൽ കുടുംബത്തോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോഴാണ് കൂട്ടനിലവിളി കേട്ടത്. വാതിൽ തുറന്നപ്പോൾ കണ്ടത് പ്രാണരക്ഷാർഥം ഓടുന്ന അയൽവാസികളെ. അവരെ പിന്തുടർന്ന് ആയുധധാരികള്. ഭാര്യയെയും മക്കളെയും കൂട്ടി ആ രാത്രി എത്ര ദൂരം ഓടിയെന്ന് ഗഫൂറിന് നിശ്ചയമില്ല. കരിമ്പുപാടങ്ങളുടെ മറപറ്റി രാവിലെയോടെ ബുധാനയിലെ പൊലീസ്സ്റ്റേഷനില് അഭയം തേടി.
2013 സെപ്തംബർ എട്ടിനാണ് അബ്ദുൾഗഫൂറിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. മുസഫർനഗറിൽ മുസ്ലിം–- ജാട്ട് വിഭാഗങ്ങൾ തമ്മിൽ ചെറിയതോതിൽ തുടങ്ങിയ സംഘർഷം ഒരിക്കലും തന്റെ ഗ്രാമത്തിലേക്ക് പടരുമെന്ന് ഗഫൂർ കരുതിയതല്ല. ബെഹൗദിയിൽ അഞ്ചുപേരും തൊട്ടടുത്ത ലാക് ഗ്രാമത്തിൽ 11 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. നൂറുകണക്കിനുപേർ ഭവനരഹിതരായി. ഒരു വർഷത്തിലേറെ ജോല ഗ്രാമത്തിൽ അവർ കുടിൽകെട്ടി താമസിച്ചു. സ്വന്തമായി ഇനിയൊരു പാർപ്പിടം സാധ്യമല്ലെന്ന നിരാശയിൽനിന്ന് അവരെ പിടിച്ചുയര്ത്തിയത് സിപിഐ എം. ഏകതാ കോളനിയെന്ന പേരിൽ ജോലയിൽ വീടുകൾ ഉയർന്നു. അമ്പതിനടുത്ത് കുടുംബങ്ങൾ ഏഴു വർഷമായി ഇവിടെ അടച്ചുറപ്പുള്ള വീടുകളിൽ സുരക്ഷിതരായി കഴിയുന്നു.
ഉത്തർപ്രദേശിൽ സിപിഐ എം സ്വാധീനമുള്ള രാഷ്ട്രീയശക്തിയല്ല. എന്നാൽ സംഘപരിവാർ ആസൂത്രണം ചെയ്ത മുസഫർനഗർ കലാപത്തെ തുടർന്ന് ജീവിതസമ്പാദ്യങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്തവർക്ക് പിന്തുണയേകി ആദ്യമെത്തിയത് സിപിഐ എമ്മാണ്. കോൺഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങി യുപിയിലെ പ്രധാന പാർടികളൊന്നും സഹായിച്ചില്ലെന്ന് ഏകതാ കോളനി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രാദേശിക സിപിഐ എം നേതാവും അഭിഭാഷകനുമായ മുഹമദ് യാമിൻ പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടാണ് കോളനിയുടെ തറക്കല്ലിട്ടത്. എം എ ബേബിയും എം ബി രാജേഷുമെത്തി താക്കോൽ കൈമാറി. എസ് രാമചന്ദ്രൻപിള്ള, സുഭാഷിണി അലി തുടങ്ങിയ നേതാക്കളുമെത്തി. ബെഹൗദി, ലാക് ഗ്രാമങ്ങളിൽനിന്ന് പലായനം ചെയ്തവരാണ് ഏകതാ കോളനിയിലെ താമസക്കാർ. കലാപശേഷം ബെഹൗദിയിലെ സ്വന്തം വീട്ടിലേക്ക് അബ്ദുൾ ഗഫൂർ ഒരിക്കൽ മാത്രമേ പോയുള്ളൂ. സ്വന്തം പേരിലുണ്ടായിരുന്ന രണ്ട് ബീഗ (1.23 ഏക്കർ) സ്ഥലം ഗ്രാമം കൈയേറിയ കലാപകാരികൾക്ക് തുച്ഛമായ വിലയ്ക്ക് നൽകിയ ശേഷം ഏകതാ കോളനിയുടെ സുരക്ഷിതത്വത്തിലേക്ക് ഗഫൂർ മടങ്ങി.