തിരുവനന്തപുരം> കേരളത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതായി ആരോഗ്യവിദഗ്ധർ. തരംഗത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടിട്ടില്ലെങ്കിലും ആശ്വാസം നൽകുന്നതാണ് പ്രതിദിന കണക്ക്. “ഫെബ്രുവരി ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, മൂന്നാംതരംഗത്തിന്റെ കാഠിന്യം അവസാനിച്ചെന്ന് വിലയിരുത്താറായിട്ടില്ല. രണ്ടുദിവസത്തെ കണക്കുകൂടി നോക്കിയശേഷമേ അത് വ്യക്തമാകൂ’–- കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. രോഗസ്ഥിരീകരണ നിരക്ക് 50 ശതമാനത്തിൽനിന്ന് 30 ശതമാനത്തിൽ താഴെ എത്തിയിട്ടുണ്ട്. 55,475 വരെ ഉയർന്ന രോഗികളുടെ എണ്ണം നിലവിൽ 22,524 ആയി.
രോഗികൾ 22,524, *രോഗമുക്തർ 49,586
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. തിങ്കളാഴ്ച 22,524 പേർക്കാണ് രോഗം. അതേസമയം ഇരട്ടിയാളുകൾ രോഗമുക്തി നേടി. 49,586 പേരാണ് രോഗമുക്തരായത്. 78,682 സാമ്പിൾ പരിശോധിച്ചു. 28.62 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 23 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗികളിൽ 3.2 ശതമാനം ആശുപത്രി ചികിത്സയിലാണ്. തിങ്കളാഴ്ച 14 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 59,115 ആയി.