തിരുവനന്തപുരം> ലോകായുക്ത നിയമ ഭേഗഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഒപ്പുവച്ചു. നിയമത്തിലെ 14–-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തെ തുടർന്നാണ് ഭേദഗതി. ഇതോടെ ‘ദ കേരള ലോക് ആയുക്ത’ (ഭേദഗതി) ഓർഡിനൻസ് 2021 നിലവിൽവന്നു. ഇതോടൊപ്പം ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ യോഗ്യത, സർവീസ് കാലാവധി എന്നിവയും ഭേദഗതിചെയ്തു. പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും കുപ്രചാരണങ്ങൾ തള്ളി തിങ്കൾ രാവിലെയാണ് ഗവർണർ ഒപ്പിട്ടത്.
1999ലെ ലോകായുക്ത നിയമത്തിലെ 14–-ാം വകുപ്പ് പ്രകാരം ഉത്തരവിട്ടാൽ ആരോപിതരെ ഉടൻ അധികാര സ്ഥാനത്തുനിന്ന് നീക്കണം. ഇവിടെ അപ്പീലിന് പോലും അവകാശമില്ല. ഇത് സ്വാഭാവിക നീതി നിഷേധമാണ്. ഭേദഗതി പ്രകാരം വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാനും അംഗീകരിക്കാനും അധികാരമുണ്ട്. യോഗ്യത മാറ്റാൻ നിയമത്തിലെ മൂന്നാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. നിലവിൽ സുപ്രീം കോടതി ജഡ്ജിയായിരുന്നയാളോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നയാളോ ആണ് ലോകായുക്ത ആയിരുന്നത്. ഭേദഗതി പ്രകാരം ഇനി ഹൈക്കോടതി ജഡ്ജിപദവി വഹിച്ചയാൾക്കും ലോകായുക്തയാകാം.
ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരുന്നു ഉപലോകായുക്ത. ഭേദഗതി പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജിക്കേ ഉപലോകായുക്ത ആകാനാകൂ. സേവന കാലാവധി അഞ്ച് വർഷമോ 70 വയസ്സ് വരെയോ ആക്കി ഭേദഗതി ചെയ്തു. ഇതിൽ ഏതാണോ ആദ്യം അതാകും പ്രാബല്യത്തിൽ വരിക.
മന്ത്രിസഭ അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ കത്തിനെ തുടർന്ന് ഗവർണർ രണ്ടുതവണ സർക്കാരിനോട് വിശദീകരണം തേടി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ഉൾപ്പെടെ വിശദ മറുപടിയാണ് രണ്ടുതവണയും സർക്കാർ നൽകിയത്. ഇത് ബോധ്യമായതോടെ ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു.