ന്യൂഡൽഹി> സംഘപരിവാറിന്റെ കടുത്ത അനുഭാവിയും ആര്‍എസ്എസ് ഭക്തയുമായ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് ജെഎൻയു വൈസ്ചാൻസലറാകും. ഗാന്ധിഘാതകനായ ഗോഡ്സെയെ വരെ ന്യായീകരിച്ച തീവ്ര ഹിന്ദുത്വവാദിയെയാണ് കേന്ദ്രസർക്കാർ ജെഎൻയു വിസിയായി നിയമിക്കുന്നത്. സംഘപരിവാറിന്റെ ഉറ്റതോഴനായ വിസി എം ജഗദേശ്കുമാറിനെ യുജിസി ചെയർമാനാക്കിയതിന് പിന്നാലെയാണ് പുണെ സാവിത്രിബായ് ഫുലേ സർവകലാശാല പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസര്‍ ശാന്തിശ്രീയെ ജെഎൻയുവില്‍ നിയമിക്കുന്നത്.
ആർഎസ്എസുമായി ഉറ്റബന്ധമാണ് ശാന്തിശ്രീയ്ക്കുള്ളത്. ഗോഡ്സയെ ന്യായീകരിച്ചുള്ള ഇവരുടെ ട്വീറ്റ് വിവാദമായിരുന്നു. ‘ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്താൻ ഗാന്ധി വധം അല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന കാഴ്ച്ചപ്പാടിലേക്ക് ഗോഡ്സെ എത്തിച്ചേർന്നു’–- എന്നായിരുന്നു ട്വീറ്റ്. ജെഎൻയുവിലെ ഇടത് പ്രവർത്തകർ ‘നക്സൽ ജിഹാദികൾ’ ആണെന്നും ‘ലവ്ജിഹാദ്’ തടയാൻ മുസ്ലിം ഇതര വിഭാഗക്കാർ കൈകോർക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. രോഹിൻഗ്യൻ അഭയാർഥികളെ തൂത്തെറിയണം, ജാമിയമിലിയയ്ക്കും സെന്റ് സ്റ്റീഫനുമുള്ള സർക്കാർ സഹായം നിർത്തണം, പ്രക്ഷോഭം നടത്തുന്ന കർഷകർ ഇത്തിൾക്കണ്ണികൾ തുടങ്ങിയ പരാമർശങ്ങളും ശാന്തിശ്രീ നടത്തിയിട്ടുണ്ട്.
ജെഎൻയുവിലെ സമാധാന അന്തരീക്ഷം തകർത്ത ജഗദേശ്കുമാറിനെ യുജിസി ചെയർമാനാക്കിയത് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. പകരം ജഗദേശ്കുമാറിനേക്കാൾ കടുത്ത ഹിന്ദുത്വവാദിയെ ജെഎന്‍യു വിസിയാക്കി. ജെഎൻയുവിലെ ആദ്യ വനിതാ വിസിയെന്ന നിലയിൽ നിയമനത്തെ മഹത്വവൽക്കരിക്കാനാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ ശ്രമം.