ഒട്ടാവ> കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ക്യാനഡ തലസ്ഥാനമായ ഒട്ടാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് വാരാന്തത്തിൽ ഒട്ടാവയിൽ തടിച്ചുകൂടിയത്. ഒരാഴ്ചയിലധികമായി നഗരത്തിൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലായിരുന്നു. വാൻകോർ, വിന്നിപെഗ്, ടൊറന്റോ, ക്യുബെക് സിറ്റി എന്നിവിടങ്ങളിലും ‘സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള സമരം’ ശക്തമായി.
സമരത്തിനിടയിൽ വിദ്വേഷ പ്രചാരണങ്ങളും അതിക്രമങ്ങളും നടക്കുന്നതായ ആരോപണങ്ങളും അന്വേഷിച്ചു വരികയാണ്. പൂർണ ഡോസ് വാക്സിൻ എടുക്കാത്ത ട്രക്ക് ഡ്രൈവർമാർ ക്യാനഡയിൽ പ്രവേശിക്കരുതെന്ന സർക്കാർ ഇത്തരവാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.