ന്യൂഡൽഹി: 2018ലെ പ്രളയാനന്തരം ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് വാഗ്ദാനം ചെയ്ത 100 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ ഔമശാസ്ത്ര വകുപ്പ് മന്ത്രി ജിതേന്ദ്ര സിങിനോട് അവശ്യപ്പെട്ട് ശശി തരൂർ എംപി. അടിയന്തിര സ്വഭാവമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കാലതാമസമില്ലാതെ പുറപ്പെടുവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
2018-ലും 2019-ലും തുടർച്ചയായി രണ്ട് വെള്ളപ്പൊക്കത്തിന് സാക്ഷ്യംവഹിച്ച കേരളത്തിൽ കഴിഞ്ഞ വർഷം വീണ്ടും അതിശക്തമായ മഴ ലഭിച്ചുവെന്ന് തരൂർ പാർലമെന്റിൽ ചൂണ്ടിക്കാണിച്ചു. ഇത് അളുകളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കി. ഒക്ടോബർ 12-നും 16-നും ഇടയിൽറെഡ് അലർട്ട് നൽകുന്നതിൽ കാലാവസ്ഥാനിരീക്ഷണ വകുപ്പ് പരാജയപ്പെട്ടു. ഇതുമൂലം സംസ്ഥാന സർക്കാരിന് കൃത്യമായ നടപടി സ്വീകരിക്കാനായില്ലന്നും അദ്ദേഹം പറഞ്ഞു.
ബിഐഎസ് മാനദണ്ഡമനുസരിച്ച് കേരളത്തിന് 256 കാലാവസ്ഥാ കേന്ദ്രങ്ങൾ ആവശ്യമാണെങ്കിലും 21 ഓട്ടോമാറ്റിക് കാലാവസ്ഥാന കേന്ദ്രങ്ങൾ (എഡബ്ല്യുഎസ്) മാത്രമേയുള്ളൂ. അതിൽ 15 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Minister to expedite the setting up of 100 Automatic Weather Stations in Kerala, says Shashi Tharoor