പുനലൂ> തിരുനെൽവേലി–-കൊല്ലം പാസഞ്ചർ ട്രെയിനിൽ കത്തികാട്ടി മോഷണം. വനിതാ സ്റ്റേഷൻ മാസ്റ്ററുടെ താലിമാലയും മോതിരവും കവർന്നു. തമിഴ്നാട് പാമ്പാകോവിൽ സ്റ്റേഷൻ മാസ്റ്ററും ഭിന്നശേഷിക്കാരിയുമായ എറണാകുളം സ്വദേശിനി രശ്മിയുടെ ആഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. തിങ്കൾ ഉച്ചയോടെ തെന്മല ഭാഗത്തുനിന്ന് ട്രെയിൻ കയറിയ ആളാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കവർച്ച നടത്തിയത്. രണ്ടുപവന്റെ താലിമാലയും മൂന്ന് മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.
സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പേഴ്സ് എടുത്ത് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് രശ്മിയ്ക്ക് പരിക്കേറ്റു. രശ്മിയെ ആദ്യം പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഒറ്റക്കൽ ഭാഗത്തുവച്ച് മോഷ്ടാവ് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. റെയിൽവേ പ്രൊട്ടക്ഷൻ ടീമിനെ വിവരമറിയിച്ചതിനെ തുടർന്ന് രശ്മിയെ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മോഷ്ടാവിനായി റെയിൽവേ പൊലീസ് തെരച്ചിൽ ആരംഭിച്ചു.