ഇടുക്കി > ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണം കൈവിട്ടു. പ്രസിഡന്റ് രാജിചന്ദ്രൻ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാജി ചന്ദ്രൻ വിജയിച്ചു. ഏഴ് അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയം. പ്രസിഡന്റായിരുന്ന രാജി യുഡിഎഫിലെ ധാരണപ്രകാരം മൂന്നര വർഷം പൂർത്തിയാക്കി കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 സീറ്റുണ്ട്. യുഡിഎഫിൽ കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസിന് രണ്ടും. എൽഡിഎഫിൽ സിപിഐ എമ്മിനും കേരള കോൺഗ്രസ് എമ്മിനും രണ്ടുവീതവും സിപിഐക്കും എൻസിപിക്കും ഒന്നുവീതവും അംഗങ്ങളുമാണുണ്ടായിരുന്നത്. രാജി ചന്ദ്രൻ എൽഡിഎഫിലെത്തിയതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.