കൊച്ചി > നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകുർ ജാമ്യം .പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ജാമ്യമനുവദിച്ച് ഹൈക്കോടതി ജസ്റ്റീസ് പി ഗോപിനാഥ് പറഞ്ഞു. ദീലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സഹായി അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കും മുൻകൂർ ജാമ്യം അനുവദിച്ചു.
അതേസമയം സിംഗിൾബെഞ്ച് വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിൽ വെള്ളിയാഴ്ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ച തർക്കപത്രികയ്ക്ക് പ്രതികൾ ശനിയാഴ്ച രേഖാമൂലം കോടതിയിൽ മറുപടിയും സമർപ്പിച്ചിരുന്നു.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് അപൂർവകേസാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ക്രിമിനൽ നിയമം ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് നിയമം ഉണ്ടാക്കിയവർപോലും കരുതിയിട്ടുണ്ടാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകിയാൽ പൊതുജനത്തിന് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുമെന്നും ഡിജിപി ബോധിപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി.