കല്ലുകള്‍ സ്ഥാപിച്ചാൽ മാത്രമേ ഓരോ വ്യക്തിയുടെയും എത്ര മാത്രം ഭൂമി ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. നിലവിൽ കെ റെയിൽ വെബ്സൈറ്റിൽ പുതിയ സെമി ഹൈസ്പീഡ് റെയിൽവേയുടെ അലൈൻമെൻ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം സാമൂഹികാഘാത പഠനം നടത്താൻ കഴിയില്ലെന്നും കളക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും സാമൂഹികാഘാത പഠനം നടത്തുകയെന്നും കെ റെയിൽ എംഡി വ്യക്തമാക്കി. സാമൂഹികാഘാത പഠനം നടത്തുന്നതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി പാര്‍ലമെന്‍റിലും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read:
പദ്ധതിയ്ക്കായി ഭൂമിയേറ്റെടുക്കേണ്ട മേഖലകളിൽ നിന്ന് കടുത്ത എതിര്‍പ്പാണ് കെ റെയിൽ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്. കോൺഗ്രസും ബിജെപി അടക്കമുള്ള മറ്റു പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. കെ റെയിൽ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റുന്ന സാഹചര്യവും പലയിടത്തുമുണ്ടായി. പദ്ധതിയ്ക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കേരളം സമര്‍പ്പിച്ച ഡിപിആര്‍ പൂര്‍ണമല്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പദ്ധതിയ്ക്കു വേണ്ടി ഭൂമിയേറ്റെടുക്കാൻ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ റെയിൽ എംഡിയുടെ വിശദീകരണം.
Also Read:
അതേസമയം, പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികളുമായി യോജിച്ചു പോകുന്നതാണ് കെ റെയിൽ പദ്ധതിയെന്നു ബോധ്യപ്പെടുത്താനും ഡിപിആറിൽ കൂടുതൽ വ്യക്തത വരുത്താനുമാണ് സംസ്ഥാനം ശ്രമിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി അനുമതി വൈകിയാലും കേന്ദ്രസര്‍ക്കാരിന് സിൽവര്‍ലൈൻ പദ്ധതി തള്ളിക്കളയാൻ സാധിക്കില്ലെന്നും കേരള സര്‍ക്കാര്‍ വിലയിരുത്തുന്നു. മൂന്നു മാസത്തിനുള്ളിൽ കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുമെന്ന് കെ റെയിൽ അറിയിച്ചു.
കെ റെയിൽ പദ്ധതിയ്ക്കായി റെയിൽവേയുടെ ഭൂമി വിനിയോഗിക്കുന്നതു സംബന്ധിച്ചാണ് റെയിൽവ മന്ത്രാലയം വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. റെയിൽവേയുടെ ഭൂമിയിൽ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.