സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ 33 മണിക്കൂര്‍ ദിലീപിനെയും മറ്റുള്ളവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇപ്പോഴിതാ കോടതി വിധി പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തിരിച്ചടിയായത് പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ സാധുതയിൽ പ്രതിഭാഗം ഉന്നയിച്ച സംശയമെന്നാണ് അറിയാനാകുന്നത്, തെളിവുകൾ ഹാജരാക്കുന്നതിലെ അവ്യക്തതയാണ് ജാമ്യം നൽകുന്നതിലേക്ക് കോടതിയെ എത്തിച്ചിരിക്കുന്നത്.
എന്നാൽ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ ഏറെ ദിവസങ്ങൾ നീണ്ടിരുന്നു. പലപ്രാവശ്യം ഹര്‍ജി പരിഗണിക്കുന്നത് മറ്റ് ദിവസങ്ങളിലേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. കെട്ടിചമച്ച കേസാണെന്നും ബാലചന്ദ്രകുമാറിനെ വിശ്വസിക്കാനാവില്ലെന്നും ദിലീപിനെതിരെയുള്ള വ്യക്തി വിരോധമാണ് കേസിന് പിന്നിലെന്നും പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു.
ഇതോടെ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാറെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. അതിന് പിന്നാലെ പറയേണ്ട കാര്യങ്ങള്‍ എഴുതി നൽകാൻ പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് ഇപ്പോൾ ഉത്തരവ്.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ദിലീപിന്റേയും കൂട്ടരുടേയും അറസ്റ്റ് നടത്തനായി ദിലീപിന്റെ വീടിന് സമീപം ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. എന്നാൽ വിധി വന്നതോടെ ഇവർ അവിടെ നിന്നും മടങ്ങി. വിധിക്കെതിരെ സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Also Watch :