“ചിത്രാ… ആപ്കാ റെക്കോഡ് മിലാ. ബിമാർ ഹോനെ സെ കാരൺ ലിഘ് നഹി സകി’–-അയച്ച ആൽബം കിട്ടിയെന്നും സുഖമില്ലാത്തതിനാൽ മറുപടി എഴുതാൻ കഴിഞ്ഞില്ലെന്നും ക്ഷമാപണം. പറയുന്നത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ.
“താങ്ക്യു ദീതി…താങ്ക്യു’–-എന്നുമാത്രം പറയാനേ കഴിഞ്ഞുള്ളൂ. ശബ്ദം തൊണ്ടയിൽ കുടുങ്ങി സംസാരിക്കാൻ കഴിയാത്ത അവസ്ഥ. അവിശ്വസനീയമായിരുന്നു ആ കോൾ. എല്ലാ പുരസ്കാരങ്ങളേക്കാളും വിലപ്പെട്ടത്. ലതാജിയുടെ 88–-ാം ജന്മദിനത്തിൽ അവർക്ക് ആദരമറിയിച്ചാണ് “നൈറ്റിങ്ഗേൽ–-എ സല്യൂട്ട് ടു ലതാജി’എന്ന പേരിൽ ആൽബം പുറത്തിറക്കിയത്. ലതാജി പാടിയതിൽ എനിക്കിഷ്ടമുള്ള ലഗ് ജാ ഗലെ, റെയ്ന ബീത് ജായെ തുടങ്ങി എട്ട് ഗാനം അടങ്ങിയത്. ഭർത്താവാണ് അയച്ചുകൊടുത്തത്. ഒരു ദിവസം യാദൃച്ഛികമായാണ് അഭിനന്ദനവുമായി വിളി എത്തിയത്.
മകളുടെ വേർപാടിന്റെ സമയത്താണ് വീണ്ടും വിളിച്ചത്. -പൊതുപരിപാടികളൊക്കെ ഒഴിവാക്കിയ സമയമായിരുന്നു അത്. ലതാജിയുടെ പേരിൽ നൽകുന്ന സംഗീത പുരസ്കാരങ്ങളിൽ ഒന്ന് എനിക്കാണെന്നും അത് സ്വീകരിക്കണമെന്നും അറിയിക്കാനായിരുന്നു ആ വിളി. പങ്കെടുക്കാൻ കഴിയാത്ത കാര്യം വിശദീകരിച്ചപ്പോൾ വീട്ടിൽ ഒതുങ്ങിക്കൂടരുതെന്നും സംഗീതത്തിലേക്ക് തിരികെ വരണമെന്നുമായിരുന്നു മറുപടി. ലതാജിയുമായി അവസാനം സംസാരിച്ചതും അന്നായിരുന്നു. ലതാജിയുടെ പാട്ട് കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ അച്ഛനും വല്യച്ഛനുമെല്ലാം ഹിന്ദി ഗാനങ്ങൾ ആസ്വദിക്കുന്നവരായിരുന്നു. മീര ഭജൻസ് ഏറെ സ്വാധീനിച്ചിട്ടുണ്ട്.വളരെക്കുറച്ച് സന്ദർഭങ്ങളിലാണ് അവരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത്. ദാദാ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ച സമയം മദ്രാസ് തെലുഗു അക്കാദമി ലതാജിക്ക് സ്വീകരണം നൽകി.
ക്ഷണിക്കപ്പെട്ട കുറച്ചുപേർക്കായിരുന്നു പ്രവേശനം. ലതാജിയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ചടങ്ങിൽ പ്രവേശനം തരണമെന്നും എസ് പി ബാലസുബ്രഹ്മണ്യം സാറിനോട് പറഞ്ഞു. അങ്ങനെയാണ് ആദ്യമായി ലതാജിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്. എസ് പി ബി എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. “പേര് ഞാൻ കേട്ടിട്ടുണ്ട്. പാട്ടുകളും കേട്ടിട്ടുണ്ട്’–-എന്നായിരുന്നു മറുപടി. കാലിൽ തൊട്ടുവന്ദിച്ച് ഒരു ചിത്രവും എടുത്താണ് മടങ്ങിയത്. പിന്നീട് 76–-ാം ജന്മദിനത്തിൽ അവരുടെ മുന്നിൽനിന്ന് പാടാനും അവസരം കിട്ടി. സംഗീതലോകത്തിന് തീരാനഷ്ടമാണ് ലതാജിയുടെ വേർപാട്. എന്നാൽ, അവർ പാടിയ ഗാനങ്ങൾ യുഗങ്ങളോളം നിലനിൽക്കും. അവർ നൽകിയ സംഗീതത്തിന് അന്ത്യമില്ല.