തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം ഒരു വർഷം പിന്നിടുമ്പോൾ ആകെ അഞ്ചുകോടി ഡോസ് ഇതിനകം വിതരണംചെയ്തു. 2021 ജനുവരിമുതൽ 2022 ഫെബ്രുവരി ആറുവരെ വിവിധ വിഭാഗങ്ങൾക്കായി നൽകിയത് 5,13,42,205 ഡോസ്. 18ന് മുകളിലുള്ളവരിൽ 2,68,43,143 ആദ്യഡോസും 2,26,30,431 രണ്ടാം ഡോസും വിതരണം ചെയ്തു. 15 മുതൽ 17വരെ പ്രായമുള്ള കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളമാണ്. അതിൽ 11,81,696 പേരും ആദ്യഡോസെടുത്തു. 39,075 പേർ രണ്ടാം ഡോസുമെടുത്തു.
6,86,296 കരുതൽ ഡോസും വിതരണം ചെയ്തു.
സംസ്ഥാനത്തെ ജനസംഖ്യ മൂന്നര കോടിയാണ്. ഇതിൽ 2.67 കോടിയും 18 വയസ്സുകഴിഞ്ഞവരാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഈ കണക്കനുസരിച്ച് നൂറ് ശതമാനവും ആദ്യഡോസെടുത്തു കഴിഞ്ഞു. ഇതിൽ 85 ശതമാനം പേർ രണ്ടാമത്തെ ഡോസുമെടുത്തു. 2021 ജനുവരി 16ന് ആരംഭിച്ച വാക്സിൻ വിതരണം നാലര മാസത്തിനുശേഷം ജൂണോടെ ഒരുകോടി പിന്നിട്ടു. പിന്നീട് അതിവേഗമായിരുന്നു വിതരണം.