അയിരൂർ
ചെറുകോൽപ്പുഴ 110–-ാമത് ഹിന്ദുമത കൺവൻഷന് തുടക്കമായി. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് പി എസ് നായർ അധ്യക്ഷനായി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. മനോജ് ചരളേൽ, സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ട്രഷറർ ടി കെ സോമനാഥൻ നായർ എന്നിവർ സംസാരിച്ചു.
അനശ്വര ഗായിക ലതാ മങ്കേഷ്കർക്ക് കൺവൻഷൻ പ്രണാമം അർപ്പിച്ചു. ഞായർ പകൽ 11ന് പരിഷത്ത് പ്രസിഡന്റ് പി എസ് നായർ പതാക ഉയർത്തി. ശനിയാഴ്ച പൻമനയിലെ വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധിയിൽ നിന്ന് കൊളുത്തിയ ദീപശിഖ പന്തലിൽ സ്ഥാപിച്ചു. എഴുമറ്റൂർ തീർഥപാദാശ്രമത്തിൽ നിന്ന് കൊണ്ടുവന്ന ഛായാചിത്രം വേദിയിൽ സ്ഥാപിച്ചു. പുതികാവിൽ നിന്നാണ് പതാക കൊണ്ടുവന്നത്.
കൺവൻഷനിൽ ഇന്ന്
രാവിലെ 10ന് അയിരൂർ വിദ്യാധിരാജ ഗുരുകുലത്തിലെ ചിദ് വിലാസിനിയുടെ പ്രഭാഷണം. പകൽ മൂന്നിന് മാർഗദർശന സഭ. രാത്രി ഏഴു മുതൽ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം.
സർക്കാർ സഹായത്തിന് നന്ദി
ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷന്റെ ഒരുക്കങ്ങൾക്ക് സംസ്ഥാന സർക്കാരും, ജില്ലാ ഭരണകേന്ദ്രവും മികച്ച സഹായങ്ങൾ നൽകിയതായി ഹിന്ദുമത പരിഷത്ത് പ്രസിഡന്റ് പി എസ് നായർ പറഞ്ഞു.
എല്ലാ മതങ്ങളും ഒന്ന്, മതതീവ്രവാദം ആപത്ത്: ജസ്റ്റിസ് എന് നാഗരേഷ്
എല്ലാ മതങ്ങളും ഒന്നാണെന്ന മഹത്തായ ദർശനമാണ് ഭാരതത്തിനുള്ളതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ നാഗരേഷ്. എന്നാൽ ദർശനങ്ങളിൽനിന്ന് നാം പുറകോട്ടുപോകുന്നു. ചെറുകോൽപ്പുഴ കൺവൻഷനില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എന്റെ മതമാണ് ശരിയെന്ന വിശ്വാസമാണ് മതതീവ്രവാദം. ഇത് അപകടമാണ്. എല്ലാ മതങ്ങളും ഒന്നാണെന്ന ദർശനമാണ് ഭാരതീയദർശനം. ലോക സമാധാനത്തിന് ഇതാണാവശ്യം. ഇപ്പോൾ കോവിഡാണ് ലോകം നേരിടുന്ന മഹാമാരി. ദീർഘകാലം ലോകം നേരിടുന്ന വിപത്താണ് ആഗോള താപനം. മറ്റൊരു വിപത്താണ് മതതീവ്രവാദം. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഭാരതീയ ദർശനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തേയും മാനവരാശിയേയും ഒന്നായി കണ്ട മഹത്തായ ഭാരതീയ പാരമ്പര്യം തലമുറകൾക്ക് പകർന്നു നൽകാൻ കഴിയണമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ജാതിയുടെ പേരിൽ നടന്ന അടിച്ചമർത്തലുകൾക്കെതിരെ പോരാടിയ മഹാനാണ് ചട്ടമ്പിസ്വാമി. കുടുബങ്ങളിലെത്തിപ്പോലും ജീവിതമൂല്യങ്ങളെ കുറിച്ച് പഠിപ്പിച്ചു. നമ്മൾ തലമുറകൾക്ക് കൈമാറണ്ടത് ഇത്തരം സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.