കൊച്ചി
വീട്ടിൽത്തന്നെ ചെയ്യാവുന്ന പെരിടോണിയൽ ഡയാലിസിസിനായി രോഗികളെ ബോധവൽക്കരിക്കാൻ തയ്യാറെടുത്ത് ജില്ലാ ആരോഗ്യവിഭാഗം. എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ 30 പേർ പെരിടോണിയൽ ഡയാലിസിസ് വീടുകളിൽ ചെയ്യുന്നുണ്ട്. ഇവരുടെ അനുകൂലപ്രതികരണങ്ങളും പെരിടോണിയൽ ഡയാലിസിസിന്റെ ചെലവുകുറവുമൊക്കെ രോഗികളെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ഷേണായി പറഞ്ഞു.
കത്തീറ്റർ ഉപയോഗിച്ച് വയറിനുള്ളിൽ പിടിപ്പിക്കുന്ന ട്യൂബിൽ ഡെക്സ്ട്രോസ് ഫ്ലൂയിഡ് നിറച്ചാണ് പെരിടോണിയൽ ഡയാലിസിസ് ചെയ്യുന്നത്. പ്ലാസ്റ്റിക് ബാഗ് തോളൊപ്പം ഉയർത്തിയാണ് ട്യൂബ് നിറയ്ക്കുന്നത്. കാലിയാകുമ്പോൾ ബാഗ് എടുത്തുമാറ്റും. നാലുമണിക്കൂർ ദ്രാവകം ശരീരത്തിനുള്ളിൽ കിടക്കും. ഈസമയം രക്തത്തിലെ മാലിന്യം ദ്രാവകം വലിച്ചെടുക്കും. ദ്രാവകം ഉള്ളിൽ കിടക്കുമ്പോൾ ജോലികൾ ചെയ്യാനും സാധിക്കും. എറണാകുളം അടക്കം 11 ജില്ലകളിലാണ് സർക്കാർ പെരിടോണിയൽ ഡയാലിസിസ് വ്യാപകമാക്കുന്നത്. ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായിവരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് പരിശീലനം.
ട്യൂബ് ശരീരത്തിനകത്ത് പിടിപ്പിക്കാൻ 4000 മുതൽ 7000 രൂപവരെ ചെലവുവരും. ലോക്കൽ അനസ്തീഷ്യ നൽകിയും ട്യൂബ് പിടിപ്പിക്കാം. ഇരുന്നോ കിടന്നോ രോഗിക്കുതന്നെ ഡയാലിസിസ് ചെയ്യാം. ദിവസേന രണ്ടും മൂന്നും പ്രാവശ്യം ചെയ്യേണ്ടിവരും. ഫ്ലൂയിഡിന്റെ വില ഒരു ബാഗിന് 250 രൂപയാണ്. ആദ്യം ചെലവാകുന്ന രൂപയും പിന്നീട് ദിവസവും ആവശ്യമായി വരുന്ന ഫ്ലൂയിഡും കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകും.
ജോലിയും ഡയാലിസിസും ഒപ്പം ചെയ്യാം
ഡയാലിസിസ് ചെയ്യുന്നതിന്റെ മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിൽനിന്ന് വലിയ മോചനമാണ് പെരിടോണിയൽ ഡയാലിസിസ് തന്നതെന്ന് കെ എസ് മനോജ്. എറണാകുളം സൗത്ത് കരിത്തലപ്പറമ്പ് കോളനി നിവാസിയായ മനോജ് രണ്ടുവർഷമായി പെരിടോണിയൽ ഡയാലിസിസ് ചെയ്യുന്നു. 30 വയസ്സുകാരനായ ഇദ്ദേഹം, ആറുവർഷമായി വൃക്കരോഗിയാണ്. രണ്ട് വൃക്കകളും പണിമുടക്കിയതോടെ ഹീമോ ഡയാലിസിസിന് വിധേയനായി. ശാരീരിക ബുദ്ധിമുട്ടുകൾമൂലം ഓട്ടോറിക്ഷ ഡ്രൈവിങ് ജോലിയും അവതാളത്തിലായി. സാമ്പത്തികബാധ്യതയിൽ ഡയാലിസിസ് നിന്നുപോകുമെന്ന അവസ്ഥയിലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്.
അവരുടെ നിർദേശപ്രകാരം പെരിടോണിയൽ ഡയാലിസിസിനുള്ള ശസ്ത്രക്രിയ ചെയ്തു. ഇപ്പോൾ വീട്ടിലിരുന്നാണ് ദിവസവും മൂന്നുതവണ ഡയാലിസിസ് ചെയ്യുന്നത്. ഫ്ലൂയിഡ് ട്യൂബിൽ നിറഞ്ഞാൽ അടുത്ത നാലുമണിക്കൂർ ഓട്ടോ ഓടിക്കാൻ പോകും. വീണ്ടും എത്തി ഫ്ലൂയിഡ് കളഞ്ഞ് പുതിയത് നിറയ്ക്കും. വീണ്ടും ജോലി തുടരും. ഇതാണ് ഇപ്പോൾ ദിനചര്യ. ഡയാലിസിസ് ഫ്ലൂയിഡ് ജനറൽ ആശുപത്രിയിൽനിന്ന് സൗജന്യമായി ലഭിക്കും. കുറെ മുമ്പ് ഇതേക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമാണ് മനോജിനുള്ളത്.