വടക്കേക്കര
കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവന്റെ ഭൂമിയുടെ തരംമാറ്റിയ രേഖ വീട്ടിൽ എത്തിച്ചുകൊടുക്കാൻ നിർദേശം നൽകിയെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. സജീവന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിനു നീതി ഉറപ്പാക്കും. ധനസഹായം സംബന്ധിച്ച് മന്ത്രിസഭ തീരുമാനിക്കും. വീട്ടുകാരുടെ പരാതി കേൾക്കാൻ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ രണ്ടുദിവസത്തിനുള്ളിൽ എത്തും.
കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. കുറ്റക്കാർ ആരായാലും നടപടിയെടുക്കും. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. വിവരമറിഞ്ഞ ഉടനെ ലാൻഡ് റവന്യു ജോയിന്റ് കമീഷണർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ അന്വേഷകസംഘത്തെ ചുമതലപ്പെടുത്തി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ ജയതിലക് കലക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞായറാഴ്ച നേരിട്ടു ചർച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി തരംമാറ്റം അപേക്ഷകളിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ചെറിയ അളവിലുള്ള ഭൂമികൾക്കു പ്രത്യേക പ്രാമുഖ്യം കൊടുത്ത് അതിവേഗം ഫയലുകൾ പരിഹരിക്കാൻ ശ്രമിക്കും. തെറ്റായ ഇടപെടലുകൾ സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സജീവന്റെ മകൻ നിഥിൻദേവ് വിശദമായ പരാതി മന്ത്രിക്കു നൽകി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ്, സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ, കാർഷിക കടാശ്വാസ കമീഷൻ അംഗം കെ എം ദിനകരൻ, ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ എന്നിവർ മന്ത്രിക്കൊപ്പം എത്തിയിരുന്നു.