തിരുവനന്തപുരം
സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര ക്ലാസുകളും 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളും തിങ്കൾമുതൽ പൂർണമായി പുനരാരംഭിക്കും. 10 മുതൽ 12 വരെയുള്ള ക്ലാസുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും. ബാച്ചുകളായി തിരിച്ചാകും പഠനം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമായ അധ്യാപികമാർക്ക് വർക്ക് ഫ്രം ഹോം തുടരാം. ഇളവുകളിൽ ഉൾപ്പെടാത്ത മുഴുവൻ അധ്യാപകരും ജീവനക്കാരും ജോലിക്കെത്തണം. മോഡൽ പരീക്ഷയ്ക്ക് മുമ്പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചുതീർക്കാനാണ് മുൻഗണന. ഒമ്പതുവരെയുള്ള ക്ലാസുകൾ 14ന് ആരംഭിക്കും. അതുവരെ ഓൺലൈൻ പഠനം തുടരും. ഈ ക്ലാസുകളും വൈകിട്ടുവരെയാക്കുന്നത് പരിഗണനയിലാണ്. തിങ്കൾ പകൽ 11ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മാർഗരേഖ തയ്യാറാക്കും.
പരീക്ഷകൾ കൃത്യസമയം
മാർച്ച് 16 മുതൽ 21 വരെയാണ് പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25വരെ നടക്കും.
എസ്എസ്എൽസി – ഐടി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെയാണ്. പ്ലസ് ടു പ്രാക്ടിക്കൽ ഫെബ്രുവരി 21ന് തുടങ്ങി മാർച്ച് 15ന് അവസാനിക്കും. വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 15ന് അവസാനിക്കും.മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വിഎച്ച്എസ്ഇ പരീക്ഷകളും നടക്കും. പരീക്ഷകളെല്ലാം കൃത്യസമയംതന്നെ നടത്താനാണ് നിലവിലെ തീരുമാനം.