ന്യൂഡൽഹി
ബിജെപി ‘ബി ടീം’ എന്ന് പ്രതിപക്ഷപാർടികൾ വിശേഷിപ്പിച്ച ജമ്മു കശ്മീർ മണ്ഡല പുനർനിർണയ കമീഷന്റെ രണ്ടാം കരട് ശുപാര്ശയും വിവാദത്തില്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയഭൂപടത്തിൽ ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന് എതിരെ പ്രാദേശികപാർടികൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ജമ്മുമേഖലയിൽ ആറ് പുതിയ നിയമസഭാമണ്ഡലവും കശ്മീർമേഖലയിൽ പുതിയതായി ഒരു മണ്ഡലവുമാണ് കമീഷൻ ശുപാർശ ചെയ്തിട്ടുള്ളത്. കശ്മീർ മേഖലയിലെ ബാരാമുള്ള, കുപ്വാര, ശ്രീനഗർ, കുൽഗാം, ആനന്ത്നാഗ് ജില്ലകളിൽ ചില മേഖലകൾ അടർത്തിമാറ്റാനും ചില മേഖലകൾ കൂട്ടിച്ചേർക്കാനും കമീഷൻ ശുപാർശ ചെയ്തു.
2014ൽ പിഡിപി ജയിച്ച സൻഗ്രാമ, ഗുൽമാർഗ് മണ്ഡലങ്ങൾ ഇല്ലാതാകും. ദക്ഷിണകശ്മീരിൽ ശാങ്കുസ് തെഹസിൽ വിഭജിച്ച് ആനന്ത്നാഗ് ഈസ്റ്റ്, ലാർനൂ മണ്ഡലങ്ങൾ പുതിയതായി രൂപീകരിക്കും.
ആനന്ത്നാഗ് പാർലമെന്റ് മണ്ഡലത്തിൽ രജൗരി, പൂഞ്ച് മേഖലകൾ ഉൾപ്പെടുത്തും. അഞ്ച് നിയമസഭാമണ്ഡലമുള്ള ബുദ്ഗാം ബാരാമുള്ള പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാകും. ജമ്മു കശ്മീരിൽ ബിജെപിക്ക് നിർണായകസ്വാധീനമുണ്ടാക്കുകയാണ് മണ്ഡല പുനഃനിർണയകമീഷന്റെ ലക്ഷ്യമെന്ന വിമർശം നേരത്തേ ശക്തമാണ്. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് നേതൃത്വം നൽകുന്ന മൂന്നംഗ കമീഷന്റെ അനുബന്ധസമിതിയിൽ നാഷണൽകോൺഫ്രൻസിന്റെ മൂന്നും ബിജെപിയുടെ രണ്ടും എംപിമാർ അംഗങ്ങളാണ്. നാഷണൽ കോൺഫ്രൻസ് അംഗങ്ങൾ സമിതിയോട് സഹകരിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.