കോഴിക്കോട്
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് മത്സരിക്കുന്നത് അസദുദ്ദീൻ ഒവൈസിയുടെ തീവ്രവാദ മുന്നണിയിൽ. കോൺഗ്രസിനെയും സമാജ്വാദി പാർടിയെയും എതിർത്താണ് ലീഗ്, മതതീവ്രവാദിയും കടുത്ത വർഗീയ പ്രചാരകനുമായറിയപ്പെടുന്ന ഒവൈസിയുടെ മുന്നണിയിൽ ചേക്കേറിയത്. ഓൾ ഇന്ത്യ മജ്ലിസ്- ഇ -ഇത്തഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവായ ഒവൈസി വർഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിയെ സഹായിക്കാനാണ് മുന്നണിയുണ്ടാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചിരിക്കെയാണ് ലീഗ് അവരുമായി കൈകോർത്തത്. ആഗ്ര, ഉന്നാവോ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർഥികളെ നിർത്തിയത്.
വോട്ടുതേടി ബഷീറും വഹാബും സമദാനിയും
ഒവൈസിയുടെ മുന്നണി സ്ഥാനാർഥികൾക്ക് വോട്ടുതേടി കേരളത്തിലെ ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം യുപിയിൽ പ്രചാരണം നടത്തി. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, എം പി അബ്ദുൾ സമദ് സമദാനി എന്നിവരാണ് പ്രചാരണത്തിനിറങ്ങിയത്. ആഗ്രയിലെ യോഗത്തിൽ ഇവർ സംസാരിച്ചതിന്റെ ദൃശ്യങ്ങൾ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. ഇതിനെ ലീഗിനകത്തുള്ളവരും കോൺഗ്രസും വിമർശിച്ചു. തങ്ങളുടെ വോട്ട് വാങ്ങി ജയിച്ച എംപി രാജിവച്ചിട്ടുപോരേ വർഗീയ കളിയെന്നാണ് കോൺഗ്രസുകാരുടെ ചോദ്യം. സംഘി ചാരനെന്ന് മുമ്പ് ലീഗ് വിമർശിച്ച ഒവൈസിയുമായി എങ്ങനെ ഇപ്പോൾ സഖ്യമായി, ബിഹാർ തെരഞ്ഞെടുപ്പ് വേളയിൽ ഒവൈസിയുടെ സാന്നിധ്യത്തെ ശക്തമായി വിമർശിച്ച നേതാക്കൾ ഹജ്ജിന്പോയോ എന്നും ചോദ്യമുയർന്നു.