തിരുവനന്തപുരം
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ എന്ന പേരിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നത് ചർച്ചചെയ്ത് തള്ളിയ കഥകൾ.
കേന്ദ്ര ഏജൻസികൾ നൽകിയ സൂചന എന്ന പേരിൽ പലവട്ടം വാർത്തയും ചർച്ചയുമാക്കിയവയാണ് വീണ്ടും സർക്കാരിനെതിരായ ആയുധമാക്കാൻ ശ്രമിക്കുന്നത്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം കസ്റ്റംസ് പിടികൂടിയപ്പോൾമുതൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങളാണിത്. ഇത് കേസിലെ പ്രതിയായ സ്വപ്നയെ ഉപയോഗിച്ച് വീണ്ടും അവതരിപ്പിക്കുകയാണ് ഒരുകൂട്ടർ.
സ്വപ്ന വെറും മുഖം മാത്രമാണെന്നും സ്വർണക്കടത്തിനുപിന്നിൽ ശിവശങ്കറാകാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ അറിയിച്ചുവെന്ന് 2020 ഒക്ടോബർ 24ന് വാർത്ത നൽകിയ വാർത്താചാനലാണ് ഇതേകാര്യത്തിൽ ഇപ്പോഴും ‘ബ്രേക്കിങ്’ നടത്തിയത്. ഇതേ ചാനൽ 2020 ഡിസംബർ ഒന്നിന് നൽകിയ മറ്റൊരു ബ്രേക്കിങ്ങ് സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവില്ലെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയെന്നാണ്.
ശിവശങ്കർ തന്റെ ജീവിതത്തിലെ പല കാര്യങ്ങളിലും ഇടപെട്ടിട്ടുണ്ടെന്നും മൊഴിയുള്ളതായി റിപ്പോർട്ട് ചെയ്തു. ലോക്കർ തുറക്കാൻ സഹായിച്ചത് ശിവശങ്കർ ആണെന്നും വാർത്തയിലുണ്ടായിരുന്നു. കസ്റ്റംസ് ആക്ട് 108 പ്രകാരം നൽകിയ മൊഴിയെന്ന പേരിലായിരുന്നു വാർത്ത. ഇതേവർഷം ഒക്ടോബർ 14നാണ് സ്വപ്നയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തുവെന്നും അവരുമായി സൗഹൃദത്തിലാണെന്നും ശിവശങ്കർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്വപ്നയുടെ നിയമനം സംബന്ധിച്ച കഥകളും വാർത്തകളായി. ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നിയമനം നേടിയതെന്നും കൂട്ടുനിന്നത് ശിവശങ്കർ ആണെന്നുമായിരുന്നു ആരോപണം. വിവിധ തലത്തിൽ അന്വേഷണത്തിലിരിക്കുന്ന വിഷയമാണ് ഇവയെല്ലാം.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസംവരെ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഇതെല്ലാം പ്രചരിപ്പിച്ചു. ചാനലുകളുടെ ഈ ബ്രേക്കിങ്ങുകളെ അടിസ്ഥാനമാക്കി രാവിലെ ബിജെപി നേതാക്കളും വൈകിട്ട് പ്രതിപക്ഷ നേതാവും വാർത്താസമ്മേളനം നടത്തുന്നത് പതിവായിരുന്നു. ഈ വാർത്തകളെല്ലാം എൽഡിഎഫ് സർക്കാരിനെതിരെ ഉപയോഗിക്കാനാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പുകളിൽ ശ്രമിച്ചത്. ഈ ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിയതാണ്.
പറഞ്ഞതെല്ലാം വിഴുങ്ങി മാധ്യമങ്ങൾ; കുമ്പസാരവുമായി ‘അവതാര’ങ്ങളും
സ്വർണക്കടത്ത് കേസിലെ പ്രതിയും നിർമിത വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവുമായ സ്വപ്ന സുരേഷ് മാധ്യമങ്ങളുടെ റേറ്റിങ് ഉയർത്താനുള്ള ആയുധംമാത്രം. കേസിൽ പ്രതിപ്പട്ടികയിലുള്ള എം ശിവശങ്കർ രചിച്ച ‘അശ്വത്ഥാമാവ് വെറും ഒരു ആന’യുമായി ബന്ധപ്പെട്ട് ചാനലുകൾ സംഘടിപ്പിക്കുന്ന സ്വപ്നയുടെ അഭിമുഖങ്ങളിലും പത്രവാർത്തകളിലും ഇത് വ്യക്തം. പുസ്തകം വായിക്കാത്ത സ്വപ്നയെക്കൊണ്ട്, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയിക്കുന്ന വിരോധാഭാസമാണ് അരങ്ങേറിയത്. മുൻകൂട്ടി നിശ്ചയിച്ച വാർത്തയ്ക്കായി, അതിനനുസരിച്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറയിക്കുകയായിരുവെന്ന് വ്യക്തമാകുന്നതാണ് ചാനൽ കൂടിക്കാഴ്ചകളെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ തുറന്നടിച്ചു.
സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ അറസ്റ്റ് മുതൽ അവരെ റേറ്റിങ്ങിന് ഉപയോഗിക്കുന്ന സ്ഥിതിയും തുടരുന്നു. സ്വപ്നയ്ക്ക് അധോലോക ബന്ധമുണ്ടെന്നും ദാവൂദിന്റെ വലംകൈയുമായി അടുപ്പമുണ്ടെന്നുംവരെ പറഞ്ഞുവയ്ക്കാൻ ചില അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾ ശ്രമിച്ചു. ശിവശങ്കറും സ്വപ്നയും നടത്തിയ ദുബായ് യാത്ര എന്ന പേരിൽ അവരുടെ ശരീരഭാഷയുടെ ചുവടുപിടിച്ച് നിറംപിടിപ്പിച്ച കഥകൾ പ്രചരിപ്പിച്ചു. അന്തിച്ചർച്ച നയിച്ച മുതിർന്ന ചാനൽ അവതാരകൻ ശിവശങ്കറിന്റെ നടുവേദനാ പ്രശ്നം മുൻനിർത്തി, എല്ലാ മര്യാദകളും ലംഘിക്കുന്ന ദ്വയാർഥപ്രയോഗത്തിനും സ്വപ്നയെ ഉപയോഗിച്ചു. ഇത് ഉയർത്തിവിട്ട പ്രതിഷേധം കേരളമാകെ ചർച്ച ചെയ്തതാണ്. ഇതേ അവതാരകനാണ് ഇപ്പോൾ സ്വപ്നയെ മാലാഖയും വിശുദ്ധയുമായി അവതരിപ്പിക്കുന്നതും. സ്വപ്നയിലെ കഴിവും തന്റേടവും മിടുക്കും തിരിച്ചറിഞ്ഞ് പുളകിതനാകുന്നു. കേരളത്തിലെ മാധ്യമങ്ങൾക്കെതിരായ കുറ്റപത്രമായി മാറിയ പുസ്തകത്തിൽ, സർക്കാരിനെതിരായ ഒന്നുമില്ല. സ്വപ്നയെ വിശുദ്ധയാക്കി അവതരിപ്പിച്ച് സർക്കാരിനെതിരെ എന്തെങ്കിലും പറയിക്കാമെന്ന ഒരുകൂട്ടം മാധ്യമങ്ങളുടെ വ്യാമോഹവും അസ്ഥാനത്തായി.